കൊച്ചി: ഗതാഗതക്കുരുക്കോ മലിനീകരണമോ ഇല്ലാതെ അരമണിക്കൂറിൽ വൈറ്റില മുതൽ കാക്കനാട് വരെ സഞ്ചരിക്കാം. പൂർണമായും ശീതികരിച്ച ബോട്ടിലിരുന്ന് കായൽകാഴ്ചകൾ ആസ്വദിക്കാം. ഗതാഗത മേഖലയിൽ പുതുമകൾ സൃഷ്ടിച്ച് കേരളത്തിന് നവീന യാത്രാനുഭവം പകരാൻ ജലമെട്രോ തയാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെ കൊച്ചിയിലെ ഓളപ്പരപ്പുകൾ കീഴടക്കാൻ എത്തുന്ന ജലമെട്രോയുടെ വൈറ്റില-കാക്കനാട് റൂട്ടിലെ പരീക്ഷണ ഓട്ടങ്ങളാണ് പുരോഗമിക്കുന്നത്. മികച്ച സൗകര്യങ്ങൾ ഒരുക്കിയാണ് ജലമെട്രോയുടെ വരവ്. കൊച്ചി കപ്പൽശാലയാണ് ബോട്ട് നിർമിക്കുന്നത്. 76 കി.മീ. നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിക്കുന്ന വാട്ടർമെട്രോക്കായി 78 ബോട്ടുകളാണ് ഒരുങ്ങുന്നത്. 23 എണ്ണത്തിൽ നൂറുപേർക്ക് യാത്ര ചെയ്യാം. ആദ്യ ബോട്ടായ മുസ്രിസാണ് ചമ്പക്കര കനാലിലൂടെ പരീക്ഷണ ഓട്ടം നടത്തുന്നത്. നിർമാണ പ്രവർത്തനം പൂർത്തീകരിച്ച് രണ്ട് ബോട്ടുകൾകൂടി കൊച്ചി കപ്പൽശാല ഉടൻ കെ.എം.ആർ.എല്ലിന് കൈമാറും. അഞ്ച് ബോട്ടുകൾ ലഭ്യമാകുന്നതോടെ സർവിസ് ആരംഭിക്കാനാണ് ലക്ഷ്യം. കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല.
അലുമിനിയം കറ്റമരൻ ഹള്ളിലാണ് ബോട്ടിന്‍റെ നിർമിതി. കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകൾ പൂർത്തിയായി. വൈപ്പിൻ, ബോൾഗാട്ടി, ഹൈകോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം ജൂണോടെ പൂർത്തിയാകുമെന്ന് ജലമെട്രോ ചീഫ് ജനറൽ മാനേജർ ഷാജി പി. ജനാർദനൻ, ജനറൽ മാനേജർ സാജൻ പി. ജോസ് എന്നിവർ പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെ വീൽ ഹൗസ്
അത്യാധുനിക സംവിധാനങ്ങളോടെയുള്ള വീൽ ഹൗസാണ് ബോട്ടിന്‍റേത്. ഒരു ബോട്ട് മാസ്റ്ററും രണ്ട് അസി. ബോട്ട് മാസ്റ്റർമാരുമാണ് നിയന്ത്രിക്കുക. നാലുഭാഗത്തുമുള്ള സി.സി ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം വീൽഹൗസിലിരുന്ന് നിരീക്ഷിക്കാം. ബോട്ടിനുള്ളിലെ റഡാർ സംവിധാനത്തിലൂടെയും നിരീക്ഷണം കാര്യക്ഷമമാക്കാം. ബോട്ടിന്‍റെ വേഗത, ദിശ, സഞ്ചരിക്കുന്ന ഭാഗത്തെ കായലിന്‍റെ ആഴം എന്നിവ കൃത്യമായി അറിയാം. വെള്ളത്തിനടിയിലോ സഞ്ചാര പാതയിലോ തടസ്സങ്ങളുണ്ടെങ്കിൽ കൃത്യമായി ബോട്ട് മാസ്റ്റർക്ക് അറിയാനാകും. എത്ര ദൂരെയാണ് തടസ്സമെന്നും എത്ര സമയത്തിനുള്ളിൽ എത്തുമെന്നതുമെല്ലാം കൃത്യമായി മുന്നിലുള്ള ഡിസ്പ്ലേയിൽ ദൃശ്യമാകും. വീൽഹൗസിൽ ബോട്ട് മാസ്റ്റർ യാത്ര നിയന്ത്രിക്കുമ്പോൾ മറ്റുഭാഗങ്ങളിലെ കാര്യങ്ങൾ പരിശോധിച്ച് അസി. ബോട്ട് മാസ്റ്റർമാരുമുണ്ടാകും. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ബോട്ട്. എൻജിൻ ബോട്ടിന്‍റെ പിൻഭാഗത്താണ്.
കൊച്ചി മെട്രോക്ക് സമാനം, ടിക്കറ്റ് കൗണ്ടറുകൾ
കൊച്ചി മെട്രോ സ്റ്റേഷനിലേതിന് സമാനമായ ടിക്കറ്റ് കൗണ്ടറുകളാണ് ജലമെട്രോ ജെട്ടിയിലുമുണ്ടാകുക. ടിക്കറ്റെടുത്തശേഷം ടിക്കറ്റ് പോസ്റ്റിൽ പഞ്ച് ചെയ്ത് അകത്തേക്ക് കയറാം. ഫ്ലോട്ടിങ് പൊണ്ടൂണുകളിലൂടെ ജലമെട്രോ ബോട്ടിലേക്ക് പ്രവേശിക്കാം. ബോട്ടിലെ ശീതീകരിച്ച ഭാഗത്തേക്കുള്ള ഡോർ തുറക്കാനുള്ള പ്രത്യേക സ്വിച്ച് അമർത്തി കയറാം. സുരക്ഷ നിർദേശങ്ങൾ ബോട്ടിലെ സ്ക്രീനിൽ ദൃശ്യമാകും. കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ നീല നിറത്തിലുള്ള സീറ്റുകൾ. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റുകൾ സീറ്റുകൾക്കടിയിൽ. വശങ്ങളിലെ വലിയ ഗ്ലാസിലൂടെ കൊച്ചിയുടെ കാഴ്ചകൾ ആസ്വദിക്കാം. യാത്രക്കാരുടെ ബാഗുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനും സംവിധാനമുണ്ട്.
ആൾകൂടിയാൽ പുറത്താകും
100 യാത്രക്കാരെ ഉൾക്കൊള്ളുന്ന 23 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്. ഇതിൽ 50 സീറ്റുകളാണുണ്ടാകുക. ബാക്കിയുള്ളവർക്ക് നിന്ന് യാത്ര ചെയ്യാം. തുടർന്ന് 50 പേരെ ഉൾക്കൊള്ളുന്ന ബോട്ടുകളുമെത്തും. ശേഷിയേക്കാൾ അധികം ഒരാൾക്കുപോലും ബോട്ടിൽ കയറാനാകില്ല. ബോട്ടിൽ ക്രമീകരിച്ചിരിക്കുന്ന പാസഞ്ചർ കൗണ്ടിങ് സിസ്റ്റം അധികമായി യാത്രക്കാർ കയറിയാൽ സിഗ്നൽ നൽകും. ആളെ ഇറക്കിയ ശേഷമായിരിക്കും സർവിസ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.