കൊച്ചി: നഗരമാലിന്യം നീക്കാൻ കോർപറേഷന് സ്വന്തമായുള്ളത് 100 വാഹനം. അതിൽ 62 എണ്ണവും കട്ടപ്പുറത്ത്. ഒന്നിന് തകരാർ സംഭവിച്ചാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വാഹനം അറ്റകുറ്റപ്പണി ചെയ്ത് പുറത്തിറക്കുന്നതിന് ചുരുങ്ങിയത് എടുക്കുന്നത് ആറുമാസം. നഗരത്തിൽ പലയിടത്തും കൃത്യമായി മാലിന്യനീക്കം നടക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ഇത്രയും വാഹനങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്.
നഗരസഭ ശുചീകരണത്തിന് ഉപയോഗിക്കുന്ന ടിപ്പറുകളുടെ അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ വന്ന അജണ്ടയെ അധികരിച്ച് കൗൺസിലർ ഹെൻട്രി ഓസ്റ്റിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
12 കോംപാക്ട് വാഹനങ്ങൾ, 24 ടിപ്പർ ലോറികൾ, ഒമ്പത് മുച്ചക്ര വാഹനങ്ങൾ, നാല് ആപ്പേ നാലുചക്ര വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കോർപറേഷന്‍റെ ശുചീകരണ വാഹന വ്യൂഹം. ഇതുകൂടാതെ കാറുകൾ ഉൾപ്പെടെ 24 മറ്റു വാഹനങ്ങളും കോർപറേഷന് സ്വന്തമായുണ്ട്.
ഓരോ വാഹനവും തകരാറിൽ ആകുമ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷൻ വിളിക്കണം. തുടർന്ന് ലഭിച്ച ക്വട്ടേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്ത് അംഗീകരിക്കണം. പിന്നീട് പണം അനുവദിക്കുന്നതിലും കാലതാമസം വരുന്നു. ഇതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി അനന്തമായി നീളും.
നഗരപരിധിയിലെ മാലിന്യനീക്കം യഥാസമയം നടത്താനാകാത്ത അവസ്ഥയാണ് ഇതുമൂലം സംഭവിക്കുക. ഡിസംബർ 31ന് ആരോഗ്യ സ്ഥിരം സമിതി തീരുമാനിച്ച ക്വട്ടേഷനാണ് മൂന്നുമാസമായപ്പോൾ കഴിഞ്ഞ ദിവസം കൗൺസിൽ പരിഗണിച്ചത്. ഇതുമൂലം വാഹനങ്ങൾ അനന്തമായി തകരാറാകുന്നതായും ആരോപണമുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി അനന്തമായി നീളുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇക്കാര്യം വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേകമായി കോർപറേഷൻ നടപടിയെടുക്കണമെന്നും പ്രത്യേക സബ്കമ്മിറ്റി രൂപവത്കരിക്കണമെന്നും ഹെൻട്രി ഓസ്റ്റിൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.