പറവൂർ: നബാർഡിന്റെ ധനസഹായത്തോടെ പറവൂർ നിയോജക മണ്ഡലത്തിലെ 14 പ്രധാനപ്പെട്ട റോഡുകൾ ഏഴു വർഷ ഗാരന്‍റിയോടെ ബി.എംബി.സി ടാറിങ് നടത്തി ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടി 10 കോടിയുടെ പ്രവൃത്തികൾക്ക് ടെൻഡർ നടപടി പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പുല്ലംകുളം-പെരുവാരം-പടമടം റോഡ്, പെരുവാരം കിഴക്കേപ്പുറം റോഡ്, പെരുവാരം വടക്കേനട റോഡ്, കിഴക്കേപ്പുറം-വലിയകുളം റോഡ്, പൂശാരിപ്പടി മുതൽ കിഴക്കേപ്പുറം വരെയുള്ള റോഡ്, കിഴക്കേപ്പുറം സ്‌കൂൾ മുതൽ ലിറ്റിൽ ഹാർട്സ് സ്‌കൂൾവഴി വാണിയക്കാട് വരെയുള്ള റോഡ്, സ്റ്റേഡിയം റോഡ്, തെക്കേനാലുവഴി-ആയുർവേദ ആശുപത്രി റോഡ്, സർവിസ് സ്റ്റേഷൻ റോഡ്, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ കല്ലുച്ചിറ റോഡ്, മണ്ണുചിറ റോഡ്, ചിതുക്കുളം റോഡ് എന്നീ റോഡുകൾ നവീകരിക്കുന്നതിനാണ് ടെൻഡർ നടപടി പൂർത്തിയായത്. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് എന്ന കരാറുകാരനാണ് പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്.
എത്രയും വേഗം എഗ്രിമെൻറുവെച്ച് റോഡ് വീതികൂട്ടുന്നതും കാനയും സംരക്ഷണ ഭിത്തി നിർമാണവും ഉൾപ്പെടെ മഴക്കാലത്ത് ചെയ്യാവുന്ന എല്ലാ നിർമാണ പ്രവൃത്തികളും ഉടൻ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ആലുവ സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിലാണ് ടെൻഡര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പറവൂര്‍ സെക്ഷന്‍ ഓഫിസിനാണ് നിര്‍മാണച്ചുമതല. എല്ലാ പ്രവൃത്തികളും ഔദ്യോഗികമായി പൂർത്തിയായശേഷം ആദ്യ മൂന്ന് വർഷം കരാറുകാരന്റെ ഗാരന്‍റി കാലാവധിയിലും തുടർന്നുള്ള നാലുവർഷം കരാറുകാരന് അറ്റകുറ്റപ്പണിക്ക് തുക കൊടുത്തുള്ള മെയിന്റനൻസ് ഗാരന്റിയും സഹിതം ഏഴു വർഷ ഗാരന്‍റിയോടെയാണ് നിർമാണ പ്രവൃത്തി ടെൻഡർ ചെയ്തിരിക്കുന്നതെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.