കൊച്ചി: തിരക്കേറിയ കൊച്ചി നഗരത്തിലും ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളിലുമടക്കം നടന്ന ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കോടികൾ പിഴ ചുമത്തി. സെപ്റ്റംബർ 30 വരെയുള്ള ഒരു വർഷകാലയളവിൽ ജില്ലയിൽ 628,291 ചലാനുകളാണ് നിശ്ചയിച്ച് നൽകിയത്. 56,54,26,356 രൂപയുടേതാണ് ചലാനുകൾ. ഇതിൽനിന്ന് ആകെ 13,79,56,797 രൂപ അധികൃതർക്ക് ലഭിച്ചിട്ടുമുണ്ട്.
ജൂൺ വരെയുള്ള ഒരു വർഷകാലയളവിനുള്ളിൽ 18,537 ലൈസൻസുകൾ കേരളത്തിലാകെ സസ്പെൻഡ് ചെയ്തിരുന്നു. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്ര മുതൽ മദ്യപിച്ചുള്ള ഡ്രൈവിങ് വരെ നീളുന്ന നിരവധി നിയമലംഘനങ്ങൾക്കെതിരെയാണ് നടപടി.
എറണാകുളം നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ബസ് ഡ്രൈവർ അറസ്റ്റിലായത് ഇക്കഴിഞ്ഞ ദിവസമാണ്. രോഗിയുമായി പോയ ആംബുലൻസിന് വഴിമാറിക്കൊടുക്കാതെ യാത്ര തുടർന്ന റിക്കവറി വാനിനെതിരെയും നടപടിയുണ്ടായി. മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തതടക്കം സംഭവങ്ങളുമുണ്ടായി.
350 രൂപയുടെ ഓട്ടത്തിന് 420 രൂപ വാങ്ങിയ ഓട്ടോ ഡ്രൈവർക്ക് 5500 രൂപയുടെ പിഴ മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് മെട്രോ സ്റ്റേഷനിലേക്ക് രാത്രി ഓട്ടം വിളിച്ച യാത്രക്കാരനോട് 60 രൂപയുടെ യാത്രക്ക് 100 രൂപ ഈടാക്കിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസൻസും ഓട്ടോയുടെ ഫിറ്റ്നസും സസ്പെൻഡ് ചെയ്തിരുന്നു.
ടാക്സും ഇൻഷുറൻസും കണ്ടക്ടർക്ക് ലൈസൻസും ഇല്ലാതെ സർവിസ് നടത്തിയ 45 സ്വകാര്യ ബസുകളാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന പരിശോധനയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തത്. ഇവരിൽനിന്നായി 1.43 ലക്ഷം പിഴയും ഇടാക്കി. കോളജ് വിദ്യാർഥിക്ക് ലൈസൻസ് കിട്ടി മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്തതും ജില്ലയിലാണ്. ബൈക്കിന് പിന്നിൽ രണ്ട് സുഹൃത്തുക്കളുമായി നടത്തിയ നിയമലംഘനത്തിന്റെ പേരിലായിരുന്നു നടപടി.
കാൽനടയാത്രക്ക് ഭീഷണിയാകും വിധമാണ് നഗരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നത്. സ്വകാര്യ ബസും ഇരുചക്രവാഹന യാത്രികരുമൊക്കെയാണ് ഇക്കാര്യത്തിൽ മുന്നിലെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു. ബസുകളുടെ അലക്ഷ്യമായ ഡ്രൈവിങ് അതിലുള്ള യാത്രക്കാർക്കും വഴിയിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങൾക്കുമൊക്കെ ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ ചീറിപ്പായുന്ന ഇരുചക്ര വാഹനയാത്രികരും ഭീഷണി ഉയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദവുമായി നഗരത്തിൽ റേസിങ്ങിനിറങ്ങുന്നവരുമുണ്ട്. കാറുകളും ഇക്കൂട്ടത്തിലുണ്ട്. അനധികൃത മോടിപിടിപ്പിക്കലിനെതിരെയും കർശന നടപടിയുണ്ടായി. അമിത ശബ്ദ, ലൈറ്റിങ് വിന്യാസങ്ങൾ ഘടിപ്പിച്ച ബൈക്കുകൾ മുതൽ ഹെവി വാഹനങ്ങൾക്കെതിരെ വരെ നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.