അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. ഡിപ്പോയുടെ നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ അറിയിച്ചു.
യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശിപാര്‍ശ നല്‍കിയതെങ്കിലും അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാനുള്ള ശിപാർശ തള്ളുകളായിരുന്നു. കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ അതീവ ശോച്യാവസ്ഥയിലാണ്.
മഴക്കാലമാകുമ്പോൾ വെള്ളം കയറി യാര്‍ഡ് കുണ്ടും കുഴിയുമാകുന്ന അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എൽ.എ നിവേദനം നല്‍കിയിരുന്നു. അങ്കമാലി കെ.എസ്.ആർ.ടി.സി ടെര്‍മിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രയാസവും പ്രവൃത്തിയുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ പ്രത്യേക അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ വീണ്ടും സർക്കാറിനെ സമീപിച്ചതോടെയാണ് 30 ലക്ഷം രൂപ വിനിയോഗിക്കാൻ അനുമതി ലഭിച്ചത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയും അധികാരികളുടെ നിരുത്തരവാദിത്തവും സംബന്ധിച്ച് പലതവണ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.