മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടൽതീരത്ത് കാൽകുത്താൻ ഇടമില്ലാത്ത വിധം പായലുകൾ നിറഞ്ഞിരിക്കയാണ്. തീരക്കടലിലും പായൽക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കയാണ്. ഉണങ്ങി തീരത്തടിയുന്ന പായലുകളിലാകട്ടെ വിഷമേറിയ പാമ്പുകളുടെ വർധിച്ച സാന്നിധ്യവുമുണ്ട്. തീരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾ പായൽ നിറഞ്ഞ് മലിനമായ കടപ്പുറം കണ്ട് നിരാശരായി മടങ്ങുകയാണ്.
പായലിനു മുകളിലേക്ക് ഇറങ്ങുന്നവർക്ക് ലൈഫ് ഗാർഡുകൾ പാമ്പുകളെ സൂക്ഷിക്കാൻ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. പായൽ കൂട്ടമായെത്തി തീരത്തും സമീപത്തും അടിയുന്നതോടെ വലയിറക്കാൻ ആകാതെ ചീനവല തൊഴിലാളികളും പ്രതിസന്ധിയിലാണ്. നേരത്തെ പായൽ കൂട്ടമിടിച്ച് ചീനവല തകർന്ന സംഭവവുമുണ്ടായിട്ടുണ്ട്. ടൂറിസ്റ്റ് സീസൺ ആയതോടെ വിദേശികൾ അടക്കം നിരവധി സഞ്ചാരികളാണ് ഫോർട്ടുകൊച്ചി കടപ്പുറത്ത് എത്തുന്നത്.
എന്നാൽ, മനംമടുപ്പിക്കുന്ന കാഴ്ചയാണ് അവരെ വരവേൽക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് പായലും മാലിന്യവും അധികൃതർ നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. പായൽ കൂട്ടങ്ങൾ റോ റോ സർവിസിനേയും ബാധിക്കുന്നുണ്ട്.
പായൽ പ്രൊപ്പല്ലറിന് ഇടയിലൂടെ കയറി പലപ്പോഴും റോ റോ വെസലുകൾ തകരാറിലാകുന്നതും പതിവായിരിക്കയാണ്. ബുധനാഴ്ച പെരുമ്പടപ്പ് കായലിൽ ജോർജ് എന്നയാളുടെ കൊച്ചു വള്ളം കുടുങ്ങിയിരുന്നു. ഇവിടെയും പായലുകൾ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ബണ്ടുകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന പായൽകൂട്ടങ്ങൾ കായലിലും തീരകടലിലും അടിയുകയാണ്. പായൽ നിർമാർജനത്തിന് ശാസത്രീയ നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാരും മത്സ്യതൊഴിലാളികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.