മട്ടാഞ്ചേരി: നിലംപൊത്താറായ പാണ്ടികശാല കെട്ടിടത്തിൽ ഒറ്റക്ക് കഴിയുന്ന നേപ്പാൾ സ്വദേശിയായ വയോധികയുടെ ദുരിത ജീവിതത്തിൽ ഇടപെടലുമായി അധികൃതർ. പ്യൂട്ടാൻ സ്വദേശിനിയായ പീമാദേവി ഗൂർഖയായ ഭർത്താവിനൊപ്പം 48 വർഷം മുമ്പാണ് മട്ടാഞ്ചേരിയിൽ എത്തുന്നത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായി. വാടക നൽകാൻ കഴിയാതായതോടെ താമസം പാണ്ടികശാലയിലേക്ക് മാറി. ഭർത്താവിന്റെ തുച്ഛമായ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും അരപ്പട്ടിണിയിലാണ് ജീവിതം. ഇവർ താമസിക്കുന്ന ജീർണിച്ച പാണ്ടികശാല കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ലഹരി ഉപയോഗിക്കുന്നവരും തമ്പടിക്കുന്നുണ്ട്. കോവിഡ് സമയത്ത് സാമൂഹികവിരുദ്ധർ പീമാദേവിയുടെ കഴുത്തിൽ കയർമുറുക്കി കൊല്ലാൻ ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.
പീമാദേവിയെ നേപ്പാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങിയതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. സംഭവം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ കലക്ടറുടെ നിർദേശാനുസരണം ജില്ല ഡെവലപ്മെന്റ് കമീഷണർ ചേതൻ കുമാർ മീണ സ്ഥലം സന്ദർശിച്ചു. പീമാദേവിയുടെ കാര്യത്തിൽ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും അവിടത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ആശയ വിനിമയം തുടങ്ങിയതായി എം.പിക്ക് എ.ഡി.സി റിപ്പോർട്ട് നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ചുമതലപ്പെടുത്തിയതനുസരിച്ച് വ്യാഴാഴ്ച പൊലീസ് സ്ഥലത്തെത്തി പീമാദേവിയുടെ മൊഴിയെടുത്തു.
രോഗങ്ങൾ തളർത്തുന്നുണ്ടെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങണം, അവിടെ കിടന്ന് മരിക്കണം എന്ന് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് പീമാദേവി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.