കൊച്ചി: വിധി ജീവിതത്തിലുടനീളം ദുരന്തമായാണ് മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റംഷീദിനോട് പെരുമാറിയത്. ഓർമ വെക്കുംമുമ്പേ അപകടത്തിൽ പിതാവ് ഉമറിനെ നഷ്ടമായതും യൗവനകാലത്ത് ഇരുവൃക്കയും തകരാറിലായതും ഏറ്റവുമൊടുവിൽ രണ്ടുമാസം മുമ്പ് പ്രിയപ്പെട്ട മാതാവ് സുബൈദയുടെ വിയോഗവുമെല്ലാം ഇതിൽ ചിലതുമാത്രം.
27 വയസ്സിനിടെ ഒട്ടേറെ നോവുകളിലൂടെയാണ് കടന്നുപോയതെങ്കിലും കരഞ്ഞ് ജീവിതം തീർക്കാനില്ല, ഈ യുവാവ്. രണ്ട് വൃക്കകളും മാറ്റിവെച്ച ശേഷമുള്ള തുടർചികിത്സക്ക് കുട്ടിക്കാലം മുതലേയുള്ള പുരാവസ്തു ശേഖരങ്ങൾകൊണ്ട് പ്രദർശനമൊരുക്കിയിരിക്കുകയാണ് റംഷീദ്.
അഞ്ചുവർഷം മുമ്പാണ് നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ റംഷീദിെൻറ ഇരുവൃക്കയും മാറ്റിവെച്ചത്. ഇതിനുമുമ്പ് ഡയാലിസിനായി പണം കണ്ടെത്താനും പുരാവസ്തു പ്രദർശനവും വിൽപനയും നടത്തിയിരുന്നു. ഡയാലിസിസ് സമയത്ത് കൈയിൽ ഘടിപ്പിച്ച എ.വി ഫിസ്റ്റുല ഉള്ളതിനാൽ അധ്വാനമേറിയ ജോലിയൊന്നും ചെയ്യാനാവില്ല. തുടർചികിത്സയുടെ ഭാഗമായി പ്രതിമാസം ഏഴായിരം രൂപയുടെ മരുന്നാണ് കഴിക്കുന്നത്.
മാതാപിതാക്കളില്ലാത്തതിനാൽ ഒറ്റക്കായ റംഷീദ് മരുന്ന് വാങ്ങാനായി വീണ്ടും പ്രദർശനവും വിൽപനയുമായി ഇറങ്ങുകയായിരുന്നു. പഴയ ചക്രവർത്തിമാരുടെ കാലത്തെ നാണയങ്ങൾ, വിവിധ രാജ്യങ്ങളിലെ അപൂർവ കറൻസികൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ, വിവിധതരം ഗ്രാമഫോണുകൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഫാൻ, തുടങ്ങിയവയെല്ലാമാണ് പ്രദർശനത്തിനുള്ളതെന്ന് റംഷീദ് പറയുന്നു.
പുരാവസ്തു വിൽപനയുമായി ബന്ധപ്പെട്ട് അടുത്തിടെ കോടികളുടെ തട്ടിപ്പ് അരങ്ങേറിയതിനാൽ പലരും സംശയത്തോടെയാണ് സമീപിക്കുന്നതെന്നും എന്നാലിത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ആത്മാർഥ പരിശ്രമമാണെന്നും ഈ യുവാവ് കൂട്ടിച്ചേർത്തു. കൊച്ചി എം.ജി റോഡിലെ സെൻട്രൽ സ്ക്വയർ മാളിൽ അധികൃതർ സൗജന്യമായി നൽകിയ ഇടത്തിലാണ് പ്രദർശനം. തിങ്കളാഴ്ച സമാപിക്കും. ഫോൺ: 8590807171.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.