കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എറണാകുളം കലക്ടറേറ്റിലെ ക്ലര്‍ക്കിനെതിരെ വിജിലന്‍സ് കേസെടുത്തു. തൃക്കാക്കര സ്വദേശിയും റവന്യൂവിഭാഗം ക്ലര്‍ക്കുമായ വിഷ്ണുപ്രസാദിന് (32) എതിരെയാണ് എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസെടുത്തത്. പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസില്‍ പ്രതിയാണിയാൾ. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാൾ സസ്പെന്‍ഷനിലാണ്.
2014 ജനുവരി ഒന്നുമുതല്‍ 2020 ഫെബ്രുവരി വരെ കാലയളവില്‍ 17,99,199 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ഇയാള്‍ സമ്പാദിച്ചതായി കണ്ടെത്തി. ഈ പണം ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. തൃക്കാക്കരയിലെ വീട്ടില്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തിയ പരിശോധനയില്‍ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 34ഓളം രേഖകളും പിടിച്ചെടുത്തു. ഈ രേഖകളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണെന്ന് വിജിലന്‍സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.