മട്ടാഞ്ചേരി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. തീരമേഖലക്ക് ഇനി വറുതിയുടെ നാളുകൾ.
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ചാള അടക്കമുള്ള മത്സ്യങ്ങളുടെ ഏറ്റവും വലിയ ഉൽപാദനം നടന്ന 2022നുശേഷം നടക്കുന്ന ട്രോളിങ് നിരോധനം കൂടിയാണ് ഇത്തവണത്തേത്. 2022ൽ 6.89 ലക്ഷം ടൺ മത്സ്യം പിടിച്ചു. ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും ധാരാളമായി ലഭിച്ചു. 2012ൽ 3.98 ലക്ഷം ടൺ മത്തി പിടിച്ചതായാണ് കണക്ക്. കോവിഡും കാലാവസ്ഥ വ്യതിയാനവും കാരണം 2021ൽ 3000 ടണ്ണായി കുറഞ്ഞിരുന്നു.
നിരോധനം പ്രഖ്യാപിച്ചതോടെ തന്നെ ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ തീരം വിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങി. തീര മേഖലയിലെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടി. കൊച്ചി നീണ്ടകര, ബേപ്പൂർ, മത്സ്യബന്ധന ഹാർബറുകൾ കേന്ദ്രീകരിച്ച് 3800 ബോട്ടുകളും അയ്യായിരത്തോളം ഇൻ ബോർഡ് വള്ളങ്ങളും അഞ്ഞൂറോളം ഗിൽനെറ്റ് ബോട്ടുകളും 114 പഴ്സീൻ നെറ്റ് ബോട്ടുകളുമാണ് പ്രവർത്തിക്കുന്നത്. കൊച്ചി മേഖല ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ആയിരത്തി എഴുന്നൂറ്റി അമ്പതോളം ബോട്ടാണുള്ളത്. കോസ്റ്റല്‍ പൊലീസ് അഴിമുഖത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ട്രോളിങ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താമെങ്കിലും ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും പട്ടിണിയുടെ ദിനങ്ങളായിരിക്കും. ഫിഷറീസ് ഹാര്‍ബറുകൾ നിശ്ചലമാകുന്നതോടെ അനുബന്ധ മേഖലയിലെ തൊഴിലാളികളും പട്ടിണിയിലാകും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിന് മത്സ്യ ഫെഡ് പമ്പുകള്ക്കുപുറമെ തെരഞ്ഞെടുത്ത പമ്പുകളും ഉപയോഗിക്കാം. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ബയോമെട്രിക് ഐ.ഡി കാര്‍ഡ് കൈയില്‍ കരുതണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി രംഗത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.