കൊച്ചി: മഴക്കാലമാണ്, ജലാശയങ്ങളിൽ പ്രതീക്ഷിക്കുന്നതിലുമധികം വെള്ളമുണ്ടാകാം. ജാഗ്രതയില്ലാതെ അവിടേക്ക് ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. വേനലവധിക്കാലത്ത് വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സമാന സാഹചര്യം മഴക്കാലത്തുമുണ്ടാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. മീൻപിടിക്കുന്നതിനും പുഴയിലും തോട്ടിലും മറ്റ് വെള്ളക്കെട്ടുകളിലുമൊക്കെ കളിക്കുന്നതിനുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കണം.
നീന്തലറിയാത്തവർ അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ശ്രദ്ധയിൽപെടുത്തുന്നുണ്ട് അധികൃതർ. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തിലധികം മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സ്ഥിതിക്ക് പരിഹാരം കാണണമെങ്കിൽ ചെറുപ്രായത്തിൽ തന്നെ നീന്തൽ പരിശീലനം ആരംഭിക്കേണ്ടിയിരിക്കുന്നു.
ഇനിയും നീന്തലറിയാത്ത മുതിർന്നവർക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണം. ഏഴിക്കര ആയപ്പിള്ളിയിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ച സംഭവം, പാഴൂർ പുഴയിൽ കാൽവഴുതി വീണ സ്ത്രീ ഒഴുക്കിൽ പെട്ടു മരിച്ചത്, പുക്കാട്ടുപടി മാളേക്കപ്പടി മോച്ചാംകുളത്തിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചത്, പറവൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചത് എന്നിവയൊക്കെ സമീപകാലത്ത് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുങ്ങിമരണങ്ങളാണ്. തട്ടുകടവ് പുഴയിൽ കുളിക്കുന്നതിനിടയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് ജില്ലയെ ആകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു.
നീന്തൽ പരിശീലനമാണ് വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങളെ ചെറുക്കാൻ പ്രധാനമാർഗം. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം നൽകാനുള്ള പദ്ധതി ജലതരംഗം ജില്ല പഞ്ചായത്ത് തയാറാക്കിയിരിക്കുകയാണ്. വിദ്യാർഥികൾക്ക് സുരക്ഷിതമായി നീന്തൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടുവരെ വിദ്യാർഥികൾക്കാണ് പരിശീലനം ലഭിക്കുക. അഗ്നിരക്ഷാസേനക്കാണ് ഇതിന്റെ ചുമതല. ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് പടിപടിയായി എയ്ഡഡ് സ്കൂളുകളിലേക്കും തുടർന്ന് അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.