ജലാശയങ്ങളിൽ വേണം ജാഗ്രത
text_fieldsകൊച്ചി: മഴക്കാലമാണ്, ജലാശയങ്ങളിൽ പ്രതീക്ഷിക്കുന്നതിലുമധികം വെള്ളമുണ്ടാകാം. ജാഗ്രതയില്ലാതെ അവിടേക്ക് ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. വേനലവധിക്കാലത്ത് വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സമാന സാഹചര്യം മഴക്കാലത്തുമുണ്ടാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. മീൻപിടിക്കുന്നതിനും പുഴയിലും തോട്ടിലും മറ്റ് വെള്ളക്കെട്ടുകളിലുമൊക്കെ കളിക്കുന്നതിനുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കണം.
നീന്തലറിയാത്തവർ അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ശ്രദ്ധയിൽപെടുത്തുന്നുണ്ട് അധികൃതർ. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തിലധികം മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സ്ഥിതിക്ക് പരിഹാരം കാണണമെങ്കിൽ ചെറുപ്രായത്തിൽ തന്നെ നീന്തൽ പരിശീലനം ആരംഭിക്കേണ്ടിയിരിക്കുന്നു.
ഇനിയും നീന്തലറിയാത്ത മുതിർന്നവർക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണം. ഏഴിക്കര ആയപ്പിള്ളിയിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ച സംഭവം, പാഴൂർ പുഴയിൽ കാൽവഴുതി വീണ സ്ത്രീ ഒഴുക്കിൽ പെട്ടു മരിച്ചത്, പുക്കാട്ടുപടി മാളേക്കപ്പടി മോച്ചാംകുളത്തിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചത്, പറവൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചത് എന്നിവയൊക്കെ സമീപകാലത്ത് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുങ്ങിമരണങ്ങളാണ്. തട്ടുകടവ് പുഴയിൽ കുളിക്കുന്നതിനിടയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് ജില്ലയെ ആകെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു.
‘ജലതരംഗം’ വരുന്നു...
നീന്തൽ പരിശീലനമാണ് വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങളെ ചെറുക്കാൻ പ്രധാനമാർഗം. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം നൽകാനുള്ള പദ്ധതി ജലതരംഗം ജില്ല പഞ്ചായത്ത് തയാറാക്കിയിരിക്കുകയാണ്. വിദ്യാർഥികൾക്ക് സുരക്ഷിതമായി നീന്തൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടുവരെ വിദ്യാർഥികൾക്കാണ് പരിശീലനം ലഭിക്കുക. അഗ്നിരക്ഷാസേനക്കാണ് ഇതിന്റെ ചുമതല. ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് പടിപടിയായി എയ്ഡഡ് സ്കൂളുകളിലേക്കും തുടർന്ന് അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
ജലസുരക്ഷ പ്രധാനം
- മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്ന് കുട്ടികളോട് പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ലാറ്റിലെ സ്വിമ്മിങ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും
- വെള്ളത്തില്‍വെച്ച് വർധിക്കാൻ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക
- വെള്ളത്തിൽ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണം
- വെള്ളത്തില്‍ ഇറങ്ങുമ്പോൾ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക
- വെള്ളത്തിലേക്ക് എടുത്തുചാടാതിരിക്കുക. ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനെക്കാൾ ആഴം കുറവായിരിക്കാം. ചളിയില്‍ പൂഴ്ന്നുപോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി
- ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തത് കൊണ്ടുമാത്രം സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ കുറഞ്ഞവെള്ളത്തിലും മുങ്ങിമരണം സംഭവിക്കാം
- നേരം ഇരുട്ടിയശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്
- മദ്യപിച്ച ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്
- സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.