ഇപ്പോഴും പൂർണമായി അണക്കാനാവാതെ പുകയുകയാണ് ബ്രഹ്മപുരം. തീയും പുകയും നാടിനെ വിഴുങ്ങുമ്പോൾ ഒളിച്ചുകളി നടത്താനല്ലാതെ ശാശ്വത പരിഹാരത്തിനൊന്നും രാഷ്ട്രീയക്കാർക്ക് താൽപര്യമില്ല. കരാറുകാർ മാലിന്യനീക്കത്തിലും സംസ്കരണത്തിലും മതിയായ പരിചയമില്ലാത്തവരാണെന്ന ആരോപണം തുടക്കം മുതലേയുണ്ട്. തീപിടിത്ത വാർത്തകളുണ്ടാകുമ്പോൾ പ്രസ്താവനകളുമായി ഓടിയെത്തുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ മുന്നണികൾ മാറി അധികാരത്തിലെത്തിയിട്ടും കഴിഞ്ഞിട്ടില്ല...
മാലിന്യപ്ലാന്റ് തുടങ്ങിയ കാലം മുതൽ എല്ലാ മാർച്ച് - ഏപ്രിൽ മാസങ്ങളിലും ബ്രഹ്മപുരം തീയും പുകയും കൊണ്ട് നിറയുന്നത് പതിവ് കാഴ്ചയാണ്. ചിലപ്പോഴൊക്കെ പുക നിറഞ്ഞ് കൊച്ചി നഗരത്തിന്റെയും മുഖം മറയും. തീയുടെയും പുകയുടെയും കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും നഗരവാസികൾക്ക് എപ്പോഴും ആശങ്കയിൽ കഴിയാനാണ് വിധി. ഇപ്പോഴും പൂർണമായി അണക്കാനാവാതെ പുകയുകയാണ് ബ്രഹ്മപുരം.
തീയും പുകയും നാടിനെ വിഴുങ്ങുമ്പോൾ ഒളിച്ചുകളി നടത്താനല്ലാതെ ശാശ്വത പരിഹാരത്തിനൊന്നും രാഷ്ട്രീയക്കാർക്ക് താൽപര്യമില്ല. ബ്രഹ്മപുരം അവരെ സംബന്ധിച്ച് ചാകരയാണ്. ഇഷ്ടക്കാർക്ക് കരാർ നൽകി അതിന്റെ പേരിൽ കോടികൾ എഴുതിത്തള്ളി കമീഷൻ പോക്കറ്റിലാക്കിയാൽ കഴിയുന്നില്ല അവരുടെ ജോലി. വ്യവസ്ഥകളെല്ലാം ലംഘിച്ചാലും കരാറുകാരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാൻ ബാധ്യസ്ഥരാണവർ. അതിനുവേണ്ടി എന്തും ചെയ്യും.
കരാറുകാരെ രക്ഷപ്പെടുത്താൻ മാലിന്യക്കൂമ്പാരത്തിന് തീയിട്ടതാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളേറെയാണ്. ഏഴിടത്തുനിന്ന് തീ പൊട്ടി മുളച്ചതെന്നത് തന്നെ ഈ സംശയം ബലപ്പെടുത്തുന്നു. സംസ്കരണത്തിനുകൂടി കരാറെടുത്തവരാണെങ്കിലും മാലിന്യം കുന്നുകൂടി മലകളായി മാറുന്നതല്ലാതെ സംസ്കരണത്തിന് ഒരു ചെറുവിരൽപോലും ചലിച്ചിട്ടില്ല. കരാറുകാരെയും രാഷ്ട്രീയക്കാരെയും ചുറ്റിപ്പറ്റിയുള്ള ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഒന്നും എങ്ങുമെത്താതെ പോകുന്നു. കരാറുകാർ മാലിന്യനീക്കത്തിലും സംസ്കരണത്തിലും മതിയായ പരിചയമില്ലാത്തവരാണെന്ന ആരോപണം തുടക്കം മുതലേയുണ്ട്. പ്ലാൻറിനകത്തെ മാലിന്യ സംസ്കരണം താളം തെറ്റിയതോടെ മാലിന്യനിക്ഷേപം തടസ്സപ്പെടാനിടയാവുകയും മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകാനും തുടങ്ങി. തീപിടിത്തമുണ്ടായപ്പോൾ അഗ്നിരക്ഷാസേനക്ക് അകത്തേക്ക് കടക്കാൻപോലുമാവാത്ത വിധം മാലിന്യക്കൂമ്പാരങ്ങൾ വഴിയിൽ തടസ്സമുണ്ടാക്കി. നോക്കിയിരിക്കെ കരാറും തീർന്നു. കരാറുകാർക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് മുൻ മേയർതന്നെ വിജിലൻസ് കോടതിയിൽ പോയതോടെ ഇത്തരം ഒരു തീപിടിത്തം അവിടെ ‘അനിവാര്യ’മായിരുന്നു. പ്ലാൻറിനകത്തെ മാലിന്യ സംസ്കരണം വൈകിയതോടെ വിമർശനമൊഴിവാക്കാൻ കൂട്ടത്തോടെ തീയിട്ടതാണെന്ന ആരോപണത്തിന് ബലം കൂടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരാഴ്ചയെടുത്ത് മാലിന്യം കത്തിത്തീരുന്നതോടെ സേഫാകുന്നത് കരാറുകാർ മാത്രമല്ല, കുട പിടിച്ച രാഷ്ട്രീയക്കാർ കൂടിയാണ്.
തീപിടിത്ത വാർത്തകളുണ്ടാകുമ്പോൾ പ്രസ്താവനകളുമായി ഓടിയെത്തുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ മുന്നണികൾ മാറി അധികാരത്തിലെത്തിയിട്ടും കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തിൽ കൊച്ചിൻ കോർപറേഷനിൽനിന്നുള്ള മാലിന്യങ്ങൾ മാത്രമാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ജില്ലയിലെ ഒട്ടുമിക്ക നഗരസഭകളിൽനിന്നുമുള്ള മാലിന്യം ഇവിടേക്കാണെത്തുന്നത്. ദിവസേന 120 ടിപ്പർ ലോറികളിലായി മാലിന്യമെത്തുന്നു എന്നാണ് കണക്ക്. ഇവരിൽനിന്നെല്ലാം കോർപറേഷൻ ഫീസും ഇടാക്കുന്നുണ്ട്. പ്ലാൻറിൽനിന്നുള്ള ശല്യം അസഹനീയമായതോടെ പ്രദേശവാസിയും മുൻ പഞ്ചായത്ത് അംഗവുമായ കെ.എ. അബ്ദുൽ ബഷീർ 2012ൽ ഹൈകോടതിയെ സമീപിച്ചിരുന്നു. വായുവും വെള്ളവും സംരക്ഷിക്കണം, ജീവിക്കാൻ അനുവദിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2015ൽ ഹൈകോടതി ഈ കേസ് ഹരിത ട്രൈബ്യൂണലിന് വിട്ടു. നിയമലംഘനം കണ്ടെത്തിയ ട്രൈബ്യൂണലാണ് കോർപറേഷന് വൻതുക പിഴയിട്ടത്. ഒപ്പം പ്ലാൻറിൽ ബയോ മൈനിങ് ആരംഭിക്കാനും നിർദേശിച്ചു. എന്നാൽ, നടപടി ഇഴയുകയാണ്.
ഇതിനുപുറമെ, പ്ലാന്റിന്റെ മറവിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ ഇദ്ദേഹം തന്നെ വിജിലൻസ് കോടതിയിൽ ഹരജി നൽകി. ഈ കേസ് ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തിൽ പ്ലാൻറിനെതിരായ പ്രതിഷേധങ്ങളെ ബ്രഹ്മപുരം നിവാസികളുടെ മാത്രം പ്രതിഷേധമായി അവഗണിച്ചവർ പോലും പ്ലാന്റിലെ തീ മുറുകുമ്പോൾ ഭീകരത ശരിക്ക് മനസ്സിലാക്കുന്നുണ്ട്. ഒരു വണ്ടി കടന്നുപോകുന്നതിന്റെ ദുർഗന്ധം തന്നെ ഏറെസമയം അന്തരീക്ഷത്തിൽ നിൽക്കുമെന്നിരിക്കെയാണ് നൂറുകണക്കിന് വണ്ടികളുടെ ഇടതടവില്ലാത്ത പ്രവാഹം. മാലിന്യ പ്ലാൻറ് ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ നടത്തിയ ആസൂത്രിത നീക്കം പോലെ തന്നെയാണ് ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടക്കുന്നത്. സുതാര്യതയില്ലായ്മ എവിടെയും വ്യക്തം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.