കൊച്ചി നഗരം പുകയിൽ മുങ്ങിയപ്പോഴാണ് മാലിന്യത്തിന്റെ പുകിൽ നഗരവാസികൾക്ക് മനസ്സിലാകുന്നത്. അതും തീപിടിത്തമുണ്ടായി മൂന്നാംദിവസം മുതൽ.
ബ്രഹ്മപുരത്തെ ഈ മാലിന്യ ബോംബിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്കും തോപ്പുംപടിയിലേക്കും തേവരയിലേക്കുമെല്ലാം വിഷപ്പുകയെത്തിയത് അന്നാണ്. ഇതോടൊപ്പം വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ, മരട്, ഇടപ്പള്ളി തുടങ്ങി മെട്രോ നഗരിയുടെ ഹൃദയഭാഗങ്ങളെല്ലാം പുകകൊണ്ട് മൂടി. പലഭാഗങ്ങളിലും ജനങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന പ്രമുഖരും പ്രശസ്തരുമെല്ലാം ദുരിതതീവ്രത വിവരിച്ച് കുറിപ്പുകളെഴുതി. ഈ ദുരിതമാണ് പതിറ്റാണ്ടുകളായി ബ്രഹ്മപുരവും പരിസരവുമുള്ള ഗ്രാമവാസികൾ സഹിക്കുന്നത്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് കടമ്പ്രയാർ. ഇതിനോട് ചേർന്നാണ് മാലിന്യപ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മാരക രാസമാലിന്യം അടക്കമുള്ളവ ഒഴുകിയെത്തി കടമ്പ്രയാർ മാലിന്യ വാഹിനിയാകുന്നതായ പരാതികൾക്ക് ഏറെ പഴക്കമുണ്ട്. ഈ വെള്ളത്തിലിറങ്ങുന്നവർക്ക് ചൊറിച്ചിൽ അടക്കമുള്ള ചർമരോഗങ്ങളും വ്യാപകമാണ്. എന്നാൽ, അധികൃതർ കേട്ടഭാവം നടിക്കാറില്ല. ജില്ലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മലിനമാകുന്നത്.
ഇതിന് പുറമേയാണ് വൻതോതിലുള്ള അന്തരീക്ഷ മലിനീകരണവും. തീ പിടിത്തമുണ്ടായി നാലാംദിനം നഗരത്തിലെ പി.എം.2.5 വായു മലിനീകരണ തോത് 105 മൈക്രോ ഗ്രാമായി ഉയർന്നു. തീപിടിത്തത്തിന്റെ തലേദിവസം ഇത് 66 മൈക്രോ ഗ്രാമായിരുന്നു. ഇതുപോലെ തന്നെ പി.എം 10 വായു മലിനീകരണ തോതും 148.41 ആയി കുത്തനെ ഉയർന്നു. 40 മൈക്രോഗ്രാമിന് മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് ഭീഷണിയാണെന്നിരിക്കെയാണിത്.
ജനങ്ങളെ ഗുരുതര രോഗങ്ങൾക്കടിമയാക്കുന്ന നിശ്ശബ്ദ കൊലയാളിയായി പ്ലാന്റ് മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ഡയോക്സിൻ, ഫ്യൂറാൻസ് അടക്കമുള്ളവ ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോ. വിനോദ് പറയുന്നു. ചുമ, തൊണ്ടക്ക് അസ്വസ്ഥത, നെഞ്ചിന് ഭാരം, തലവേദന, ശ്വാസതടസ്സം തുടങ്ങിയ അസ്വസ്ഥതകളുമായി ഡസൻ കണക്കിനുപേരാണ് ചികിത്സക്കെത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകം മൂന്നുമാസം വരെ അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശ രോഗങ്ങൾ മുതൽ കാൻസറിന് വരെ ഇത് കാരണമാകും.
ഇതിന്റെ വിഷാംശത്തിൽ 90 ശതമാനവും കാലക്രമേണ വെള്ളത്തിലും മണ്ണിലും ലയിച്ച് വീണ്ടും മനുഷ്യരുടെ ഉള്ളിലേക്കെത്താനുള്ള സാധ്യതയും ഏറെയാണ്. നേരത്തേ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിന്ന ഈ അപകടം ഇക്കുറി കൊച്ചി നഗരത്തിലേക്കും വ്യാപിച്ചെന്നുമാത്രം.
ഏതായാലും സംഗതി കൈവിട്ടുപോകുമെന്നായതോടെ അധികൃതർ ഉണർന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ആശങ്ക വേണ്ടന്ന മുന്നറിയിപ്പുകളും മണിക്കൂറുകളിടവിട്ട് വരുന്നുണ്ട്. സ്കൂളുകൾക്ക് അവധി നൽകിയും പ്രതിരോധം തീർത്തു. എന്നാൽ, ഈ ദുരിതത്തിന് ശാശ്വത പരിഹാരമെന്ത് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ലെന്നതാണ് സത്യം.
പ്രതിദിനം 306 ടൺ മാലിന്യമാണ് ബ്രഹ്മപുരത്തേക്കെത്തുന്നത്. ഇതിൽ ജൈവമാലിന്യം - 206 ടണ്ണും അജൈവ മാലിന്യം 100 ടണും വരും. ഇങ്ങനെ വരുന്നവയിൽ പ്രതിദിനം 32 ടൺ മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കി 274 ടൺ മാലിന്യമാണ് ദിനംപ്രതി ഇവിടെ കുന്നുകൂടുന്നത്.
രണ്ടുവർഷം മുമ്പ് ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ കണക്കനുസരിച്ച് 4.65 ലക്ഷം ഘന മീ. മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഇവിടെയാണ് ബ്രഹ്മപുരമെന്ന സുന്ദര ഗ്രാമം മാലിന്യമലയായി മാറിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.