പള്ളിക്കര: ബ്രഹ്മപുരത്തെ തീയും പുകയും തത്ക്കാലം അണഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്കയും ഭീതിയും ദുരിതവും അണയുന്നില്ല. അടുത്തടുത്ത ദിവസങ്ങളിൽ പിണർ മുണ്ടയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ മരണങ്ങൾക്ക് ഓക്സിജൻ ലെവൽ കുറവായതും കാരണമാണെന്ന ആരോപണമുണ്ട്. തീയും പുകയും അണഞ്ഞതിനു ശേഷം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗർഭിണികൾ, വൃദ്ധജനങ്ങൾ, കുട്ടികൾ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തൽ. സസ്യങ്ങൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ, നാടൻ മത്സ്യങ്ങൾ തുടങ്ങിയവയെയും മലിനീകരണം ദോഷകരമായി ബാധിച്ചതായി നാട്ടുകാർ പറയുന്നു. തീപിടിത്തത്തിന് മുമ്പ് കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണം 150 ആയിരുന്നെങ്കിൽ തീപിടിത്തശേഷം ഇരട്ടിയായി വർധിച്ചതായി നാട്ടുകാർ പറയുന്നു.
ഇതിന് പുറമെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. പനി,ചുമ, തൊണ്ടവേദന, ചൊറിച്ചിൽ, ചർദ്ദി, തലവേദന എന്നീ പ്രയാസങ്ങളാണ് ജനം നിരന്തരം അനുഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരം പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന - ജില്ല -ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇതിനിടെ, ബ്രഹ്മപുരത്ത് കൂടി കിടക്കുന്ന ലോഡ് കണക്കിന് മാലിന്യം എന്ത് ചെയ്യണമെന്നതിന് സർക്കാറിനോ, കോർപറേഷനോ യാതൊരു തീരുമാനവുമായിട്ടില്ലെന്നതും ആശങ്കയേറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.