മരട്: റോഡെന്ന സ്വപ്നം ത്രിശങ്കുവിലായ സമയത്താണ് വളന്തകാട് ദ്വീപിലേക്ക് പാലം നിര്‍മിച്ചു നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വരുന്നത്. 2019 നവംബറില്‍ പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയപ്പോള്‍ വഞ്ചി തുഴഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചിരുന്ന വളന്തകാടുകാര്ക്ക് സ്വന്തം വാഹനമെന്ന സ്വപ്നത്തിന്റെ യാഥാര്‍ഥ്യത്തിലേക്കുള്ള വഴിയായിരുന്നു അത്. എന്നാല്‍, 2019 ല്‍ ആരംഭിച്ച പാലത്തിന്റെ പണി 2022 ആയിട്ടും എങ്ങുമെത്തിയില്ല. മരട് നഗരസഭയിലെ 22ാം ഡിവിഷനിലെ വളന്തകാട് ദ്വീപിലേക്ക് നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ ജോലികള്‍ 18 മാസം കൊണ്ടു പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കായലിന് നടുവില്‍ ഏതാനും തൂണുകള്‍ ഉയര്‍ന്നത് മാത്രം മിച്ചം.
പാലം നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ എസ്റ്റിമേറ്റ്് നിര്‍മാണച്ചുമതലയുള്ള പൊതുമേഖല ഏജന്‍സി കെ.ഇ.എല്‍ തയാറാക്കിയെങ്കിലും ഫണ്ടിന്റെ പരിമിതിമൂലം അത് അഞ്ച് കോടി 60 ലക്ഷമായി ചുരുക്കി. അംഗീകാരം ലഭിച്ച എസ്റ്റിമേറ്റ് പ്രകാരം പാലത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള ലാൻഡിങ്ങിനായുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എസ്റ്റിമേറ്റ് തയാറാക്കിയ സമയത്ത് 12 ശതമാനം ആയിരുന്ന ജി.എസ്.ടി ഇപ്പോള്‍ 18 ആയി വര്‍ധിപ്പിച്ചതിനാല്‍ നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള ജോലികള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല.
ഇരുവശങ്ങളിലേക്കുമുള്ള ലാൻഡിങ്ങിലും പാലത്തിന്റെ മുകളിലുള്ള കോണ്ക്രീറ്റുമടക്കം പാലത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയും ഏഴ് കോടി രൂപയും പാലത്തിന്റെ താഴെ പുഴയുടെ തീരത്തേക്ക് കടക്കണമെങ്കില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട തുകയും അധികമായി കണ്ടെത്തേണ്ടതുണ്ട്. ലാന്‍ഡിങ് ഉള്‍പ്പെടെ 165 മീറ്ററാണ് പാലത്തിന്റെ നീളം. ദ്വീപ് നിവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പാലം വേണമെന്നുള്ളത്. അധികൃതര്‍ നിസ്സംഗത തുടര്‍ന്നതോടെ വോട്ട് ബഹിഷ്കരിച്ചുവരെ പ്രതിഷേധിച്ചിരുന്നു. 45 കുടുംബങ്ങളാണ് ദ്വീപില്‍ താമസിക്കുന്നത്. ഭൂരിഭാഗം പ്രദേശവും കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമാണ്. വിനോദസഞ്ചാരവകുപ്പിന്റെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം പദ്ധതിയും നടപ്പാക്കുന്നുണ്ട്. വളന്തകാട് പാലം യാഥാര്‍ഥ്യമാകുന്നതോടെ മരട് നഗരസഭയിലെ 21, 22 ഡിവിഷനുകളിലെയും കുമ്പളം പഞ്ചായത്തിലെ ഉദയത്തുംവാതില്‍ പ്രദേശത്തെയും ജനങ്ങള്‍ക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.