കൊച്ചി: നിയമവിരുദ്ധമായി അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചാൽ കെട്ടിട ഉടമകൾക്കും ഇനി പിടിവീഴും. അന്തർ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിറ്റി, റൂറൽ പരിധികളിലായി നടക്കുന്ന പൊലീസ് രജിസ്ട്രേഷനിൽ ഇതുവരെ എഴുപതിനായിരത്തോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തെങ്കിലും തൊഴിൽ വകുപ്പിന്റെ രജിസ്ട്രേഷൻ നടപടികൾ മെല്ലെപ്പോക്കിലാണ്.
ഒന്നരമാസം പിന്നിടുമ്പോഴും രജിസ്റ്റർ ചെയ്തവരുടെ എണ്ണം കാൽലക്ഷമാണ്. രജിസ്ട്രേഷൻ നടപടികളുമായി സഹകരിക്കണമെന്ന് കാണിച്ച് തൊഴിലുടമകൾക്കും കരാറുകാർക്കും വകുപ്പുതല നോട്ടീസുകൾ നൽകിയെങ്കിലും കാര്യമായ പ്രയോജനവുമുണ്ടായിട്ടില്ല.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ തൊഴിലെടുക്കുന്നത് ജില്ലയിലാണെന്നാണ് സർക്കാർ കണക്ക്. അനൗദ്യോഗികമായി ഇത് രണ്ടരലക്ഷത്തോളം വരും. ഇതിൽ ബഹുഭൂരിപക്ഷവും പ്രവർത്തിക്കുന്നത് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ താലൂക്കുകൾ കേന്ദ്രീകരിച്ചുമാണ്.
രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കാത്ത കെട്ടിട ഉടമകളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. ഇവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇനി ഉടമകളും സമാധാനം പറയേണ്ടിവരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്തർ സംസ്ഥാനക്കാരെ വാടകക്ക് താമസിപ്പിക്കുന്ന നൂറുകണക്കിന് കെട്ടിട ഉടമകളുണ്ട്. കാര്യമായ തിരിച്ചറിയൽ രേഖകളില്ലാതെയാണ് താമസ സൗകര്യം നൽകുന്നത്.
തദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാര്യമായ ജാഗ്രത കാണിക്കാത്തതും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുണയാകുന്നുണ്ട്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവശേഷമാണ് പൊലീസ് ഇക്കാര്യത്തിൽ അൽപമെങ്കിലും ഉണർന്നത്.
തൊഴിൽ വകുപ്പിന്റെയും പൊലീസിന്റെയും രജിസ്ട്രേഷനും ആധാർ പുതുക്കലുമെല്ലാം ഒരേ സമയംതന്നെ എത്തുന്നത് തൊഴിലാളികൾക്കും തലവേദനയാണ്. അതിഥി പോർട്ടൽ വഴിയാണ് തൊഴിൽ വകുപ്പിന്റെ രജിസ്ട്രേഷനെങ്കിലും പൊലീസ് നടത്തുന്നത് സ്വന്തം നിലയിലാണ്.
ഇതിനൊപ്പം തന്നെയാണ് ആധാർ പുതുക്കൽ കാമ്പയിനും. ഇതിനെല്ലാം തൊഴിലാളികളെ ഏകോപിപ്പിക്കുന്നത് തൊഴിലുടമകൾക്കും തലവേദനയാണ്. എന്നാൽ, തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന ‘അതിഥി’ മൊബൈൽ ആപ് രംഗത്തെത്തുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആലുവ: റൂറൽ ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഒരുലക്ഷം കടന്നു. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13,085 തൊഴിലാളികൾ. കുറുപ്പംപടി സ്റ്റേഷനിൽ 8750, മൂവാറ്റുപുഴ സ്റ്റേഷനിൽ 8500 പേരും രജിസ്റ്റർ ചെയ്തു.
ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തത് 2250 തൊഴിലാളികളാണ്. റൂറൽ ജില്ലയിൽ ഞായറാഴ്ച 12,555 പേർ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ തൊഴിലാളികളുടെ ക്യാമ്പിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടർ തുറന്ന് രജിസ്ട്രേഷൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.