കൊച്ചി: ഒരൊറ്റ മഴ പെയ്താൽ വെള്ളത്തിലാകുന്ന എറണാകുളത്തെ കരകയറ്റാൻ ആവിഷ്കരിച്ച കനാൽ നവീകരണ പദ്ധതിക്കായി നാടിന്റെ കാത്തിരിപ്പ് തുടരുന്നു.
നഗരത്തിലും പരിസരത്തുകൂടെയും ഒഴുകുന്ന കനാലുകൾ നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കി ജലഗതാഗതം ഉൾപ്പെടെ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ആറ് കനാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി മന്ദഗതിയിലാണ് മുന്നോട്ടുനീങ്ങുന്നത്.
ഇൻറഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതി 1528. 27 കോടിയുടെ കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേന നടപ്പാക്കാൻ 2021ലാണ് തത്ത്വത്തിൽ ഭരണാനുമതി നൽകിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രവൃത്തി ഇടപ്പള്ളി കനാലിലും ചിലവന്നൂർ കനാലിലും പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ചിരുന്ന സീവേജ് ശൃംഖല വിപുലപ്പെടുത്താനും പരിശോധനകൾ നടക്കുന്നുണ്ട്. എളംകുളം, പേരണ്ടൂർ, മുട്ടാർ, വെണ്ണല എന്നീ സ്ഥലങ്ങളിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാൻറ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിവരുകയാണെന്നാണ് അവർ വ്യക്തമാക്കുന്നത്.
ഇതുവരെ 2060.32 കോടിയുടെ ധനസഹായത്തിന് കിഫ്ബിയിൽനിന്ന് അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ടാങ്ക് ബണ്ട് റോഡ് പാലത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇടപ്പള്ളി കനാൽ- അഞ്ച് മീറ്റർ മുതൽ 180 മീറ്റർ വരെ, 16.50 മീറ്റർ
ചിലവന്നൂർ കനാൽ- രണ്ട് മീറ്റർ മുതൽ 300 മീറ്റർ വരെ, 16.50 മീറ്റർ
പേരണ്ടൂർ കനാൽ- രണ്ട് മുതൽ 110 മീറ്റർ വരെ, 16.50 മീറ്റർ.
തേവര കനാൽ- 13 മീറ്റർ മുതൽ 25 മീറ്റർ വരെ, 16.50 മീറ്റർ
മാർക്കറ്റ് കനാൽ- രണ്ട് മീറ്റർ മുതൽ 20 മീറ്റർ വരെ. ഇവിടെ തൽസ്ഥിതി തുടരുന്നതിനാൽ വീതിയിൽ മാറ്റമുണ്ടാകില്ല.
കോന്തുരുത്തി കനാൽ- രണ്ട് മീറ്റർ മുതൽ 20 മീറ്റർ വരെ. 16.50 മീറ്റർ
നവീകരണത്തിലൂടെ ഇടപ്പള്ളി കനാലിൽ ബോട്ട് ഗതാഗതത്തിന് സൗകര്യമൊരുക്കാനാണ് പദ്ധതിയിടുന്നത്. മാർക്കറ്റ് കനാലിൽ ഇത് വിഭാവനം ചെയ്തിട്ടില്ല. ബോട്ട് സഞ്ചാരത്തിന് റെയിൽവേ പാലങ്ങൾ ഉയർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ ബാക്കിയുള്ള കനാലുകളിൽ ജലഗതാഗതം ഉദ്ദേശിക്കുന്നില്ല.
മുഴുവൻ ഭൂമിയും പദ്ധതി നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറിയശേഷം വേണം നിർമാണ പ്രവൃത്തി ആരംഭിക്കാൻ.
കൈമാറ്റത്തിനുശേഷം 36 മാസം കൊണ്ട് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പദ്ധതിക്കുവേണ്ടിയുള്ള പുറമ്പോക്ക് നിർണയിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനാൽ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് ഒന്നും ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.