കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽവെച്ച് അർബുദ രോഗിയുടെ കൈക്ക് മാരക മുറിവേറ്റതായി പരാതി. സ്കാൻ ചെയ്യുന്നതിന് മുന്നോടിയായി കുത്തിവെപ്പെടുത്തതിൽ വന്ന പിഴവാണെന്ന് രോഗി ആരോപിച്ചു.
കടമക്കുടി ഗ്രാമപഞ്ചായത്തിൽ വലിയകടമക്കുടി ബിയ്യത്ത് വീട്ടിൽ ശാന്തക്കാണ് മുറിവേറ്റത്. ശാന്ത മുഖ്യമന്ത്രിക്കും കളമശ്ശേരി പൊലീസിലും ഇതുസംബന്ധിച്ച് പരാതിനൽകി.
ജനുവരി ഒമ്പതിനാണ് കളമശ്ശേരി കാൻസർ സെന്ററിൽ ചികിത്സയിലുള്ള ശാന്ത മെഡിക്കൽ കോളജിൽ സി.ടി സ്കാൻ ചെയ്യുന്നതിനായി എത്തിയത്. ഇതിനായി ശാന്തയുടെ കൈയിൽ കുത്തിവെപ്പ് നടത്തിയിരുന്നു.
ഞരമ്പിൽ എടുക്കേണ്ട കുത്തിവെപ്പ് ത്വക്കിൽ എടുക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുകാരണം കൈക്ക് നീരുവന്നു. ഇക്കാരണത്താൽ സ്കാൻ ചെയ്യാനാകാതെ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയതിനുശേഷം കഠിനമായ വേദന അനുഭവപ്പെടുകയും നീര് കൂടുകയും ചെയ്തു. രാത്രി 9.30ഓടെ വീണ്ടും മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ടു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു.
ജനുവരി 10 മുതൽ 14 വരെ അവിടെ ചികത്സയിൽ തുടർന്നു. പിന്നീട് പറവൂർ താലൂക്ക് ആശുപത്രിയിലെത്തി ഇന്നും ചികിത്സയിലാണ്. അതേസമയം, ഇങ്ങനെയൊരു പരാതിയുമായി ആരും എത്തിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിക്കാമെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.