കൊച്ചി: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2023ന്റെ (സി.ബി.എൽ) മൂന്നാം പതിപ്പ് ശനിയാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. കൊച്ചി കായലില്‍ ആവേശത്തിര ഉയര്‍ത്തുന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് ഒന്നിന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരവും സി.ബി.എല്ലിനൊപ്പം നടത്തും. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളാണ് ഇതിൽ മാറ്റുരക്കുന്നത്. വിനോദസഞ്ചാര വകുപ്പാണ് ചുണ്ടന് വള്ളങ്ങളുടെ കളിക്കാരുടെ ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍ഷിപ് വഴിയാണ് ചെലവ് കണ്ടെത്തുന്നത്. വള്ളംകളിയോടനുബന്ധിച്ച് ഫ്ലാഷ് മോബും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. നേവിയുടെ ബാന്‍ഡും അഭ്യാസ പ്രകടനങ്ങളും നടക്കും.
കാണികള്‍ക്കുള്ള പവിലിയനുകളുടെ നിര്‍മാണം ഉൾപ്പെടെ ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമാണ് സുരക്ഷ, അടിയന്തര ഘട്ടങ്ങളിലെ വൈദ്യസഹായം എന്നിവ ഉള്‍പ്പെടെ സംവിധാനങ്ങളുടെ ചുമതല. പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. പ്രാദേശിക വള്ളംകളിയും സി.ബി.എല്‍ മത്സരങ്ങളും ഇടകലര്‍ത്തി കലാ സംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടത്തും.
വള്ളംകളിക്ക് മുന്നോടിയായി കായലിന്റെ ആഴംകൂട്ടുന്നതിനുള്ള ഡ്രെഡ്ജിങ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ 10,000 കോടിയുടെ വരുമാനം ലക്ഷ്യമിട്ടാണ് ഐ.പി.എല്‍ മാതൃകയില്‍ സി.ബി.എല്‍ സംഘടിപ്പിക്കുന്നതെന്ന് സാങ്കേതിക സമിതി അംഗവും മുന്‍ എം.എല്‍.എയുമായ കെ.കെ. ഷാജു പറഞ്ഞു. ഡ്രെഡ്ജിങ് നടപടികൾ പത്ത് ദിവസത്തിനുള്ളിൽ ഏറ്റവും ശ്രദ്ധയോടെ പൂര്‍ത്തീകരിച്ചതായി കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചക്ക് രണ്ടിനാണ്. പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. കലാപരിപാടികള്‍ക്ക് ശേഷം പ്രാദേശിക വള്ളങ്ങളുടെ ഫൈനല്‍ മത്സരവും ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകീട്ട് സമ്മാന ദാനത്തോടെയാണ് സമാപനം.
മുൻവർഷ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളാണ് സി.ബി.എല്ലില്‍ മത്സരിക്കുന്നത്. ഒന്ന് മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നടുഭാഗം ചുണ്ടന്, സെന്റ് പയസ് ടെന്ത്, വീയപുരം ചുണ്ടന്, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്, നിരണം ചുണ്ടന്, ചമ്പക്കുളം ചുണ്ടന്, പായിപ്പാടന് ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന്, ആയാപറമ്പ് പാണ്ടി തുടങ്ങിയവയാണ് മത്സരാർഥികള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് മത്സരം.
സംസ്ഥാന സര്‍ക്കാര്‍ 12 കോടി ചെലവഴിച്ചാണ് സി.ബി.എല്‍ സംഘിപ്പിക്കുന്നതെന്ന് സാങ്കേതിക സമിതി അംഗം ആര്.കെ. കുറുപ്പ് പറഞ്ഞു. ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയാണ്. സര്‍ക്കാര്‍ വലിയ സമ്മാനത്തുക നല്കി സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏക മത്സരമാണിത്. 5.95 കോടിയാണ് സമ്മാനത്തിനായി ചെലവഴിക്കുന്നത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ടന് വള്ളങ്ങളുടെ ആദ്യമത്സരം ആലപ്പുഴയില്‍ നടന്നു. രണ്ടാം മത്സരമാണ് എറണാകുളത്ത് നടക്കുന്നത്. കോട്ടപ്പുറം, പിറവം, കോട്ടയം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, പാണ്ടനാട്, കൊല്ലം എന്നിങ്ങനെയാണ് സി.ബി.എല്‍ മത്സരങ്ങള്‍ നടക്കുക. കൊല്ലത്ത് ഡിസംബര്‍ ഒമ്പതിന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സി.ബി.എല്‍ സമാപിക്കും. ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശസഞ്ചാരികള്‍ക്ക് മത്സരം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കലക്ടർക്കൊപ്പം ടി.ജെ. വിനോദ് എം.എല്‍.എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
മറൈൻ ഡ്രൈവിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമാകാൻ കൊച്ചി ജല മെട്രോയും. മത്സരിക്കുന്നവയിൽ ജല മെട്രോ സ്പോൺസർ ചെയ്യുന്ന വള്ളങ്ങളും ഉണ്ടാകും. വള്ളംകളി മത്സരങ്ങൾ നടക്കുന്നതിനാൽ ശനിയാഴ്ച ജലമെട്രോയുടെ ഹൈകോർട്ട് - വൈപ്പിൻ റൂട്ടിലെ സർവിസുകൾ പരിമിതിപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറുവരെ ഈ റൂട്ടിൽ ജല മെട്രോ സർവിസ് ഉണ്ടാവില്ല. മറ്റ് റൂട്ടിലെ സർവിസുകൾ മാറ്റമില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.