കൊച്ചി: രാജ്യമൊന്നാകെ ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിജയാനന്ദം നിറയുമ്പോൾ എറണാകുളം മഹാരാജാസ് കോളജും അഭിമാനത്തിന്റെ പരകോടിയിലാണ്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയശിൽപികളായ ഐ.എസ്.ആർ.ഒയുടെ ചെയർമാൻ എസ്. സോമനാഥ് മഹാരാജാസ് പൂർവവിദ്യാർഥിയാണ്.
1978-80 പ്രീഡിഗ്രി ബാച്ചിലാണ് അദ്ദേഹം ഈ കലാലയത്തിൽ പഠിച്ചത്. ഫസ്റ്റ് ഗ്രൂപ്പായിരുന്നു വിഷയം. പഠനത്തിൽ ഏറെ മികവ് പുലർത്തിയ വിദ്യാർഥികളുടെ കൂട്ടത്തിലൊരാളായിരുന്നു അദ്ദേഹമെന്ന് അന്നത്തെ മഹാരാജാസുകാർ ഓർക്കുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യത്തിന്റെ തേരാളിയെ മഹാരാജാസിലേക്ക് ഒരിക്കൽകൂടി എത്തിക്കാനൊരുങ്ങുകയാണ് മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോ. നേതൃത്വം.
കോളജിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തിയായാലുടൻ സൗകര്യപ്രദമായ തീയതി തീരുമാനിച്ച് എസ്. സോമനാഥിനെയും അദ്ദേഹത്തിന്റെ സഹപാഠികളെയും ഒരുമിച്ചുകൂട്ടി സ്വീകരണം ഒരുക്കുമെന്ന് അസോ. പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ പറഞ്ഞു. ആലപ്പുഴ അരൂർ സ്വദേശിയാണ് എസ്. സോമനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.