മൂവാറ്റുപുഴ: ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. രണ്ടാഴ്ച മുമ്പ് 160 രൂപ ഉണ്ടായിരുന്ന കോഴിക്ക് ഇപ്പോൾ 90 രൂപയാണ് വില. വില ഇടിഞ്ഞത് കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കി. ഉൽപാദനം വർധിച്ചതും ഉൽപാദനച്ചെലവ് കുറഞ്ഞതുമാണ് വില ഇടിയാൻ കാരണം.
105 രൂപ വരെ ഒരു കിലോ കോഴിക്ക് ഉൽപാദനച്ചെലവ് വരുമ്പോൾ 90 രൂപക്കാണ് ചില്ലറ വിൽപന നടക്കുന്നത്. കർഷകന് കിട്ടുന്നത് 60 രൂപയും. കോഴി കൊണ്ടുപോകുന്ന ഇടനിലക്കാരും റീട്ടെയിൽ വ്യാപാരികളുമാണ് ഇതിന്റെ നേട്ടം കൊയ്യുന്നതെന്നാണ് കർഷകർ പറയുന്നത്. തുച്ഛമായ വരുമാനമാണ് കർഷകന് ലഭിക്കുന്നത്. വൻകിട കോഴി വ്യവസായികളിൽനിന്ന് കുഞ്ഞ്, തീറ്റ എന്നിവ വൻ വിലക്ക് വാങ്ങി വളർത്തി വിറ്റാണ് കർഷകർ മുന്നോട്ടുപോകുന്നത്. 1000 കോഴി വളർത്തുന്ന ഒരു കർഷകന് 40 ദിവസത്തിനുള്ളിൽ 90,000 രൂപയാണ് ഇത്തരത്തിൽ ഇപ്പോൾ നഷ്ടപ്പെടുന്നത്. 40 ദിവസം മുമ്പ് 45 രൂപ മുതൽ 52 രൂപ വരെ മുടക്കി വാങ്ങി വളർത്തിയ കോഴിക്കുഞ്ഞുങ്ങളാണ് ഇപ്പോൾ ഈ തുച്ഛവിലക്ക് വിൽക്കേണ്ടിവരുന്നത്. ക്രിസ്മസ് വിപണി ഉണരുമ്പോഴേക്കും വില ഉയർന്നില്ലെങ്കിൽ കോഴിക്കർഷകർ വൻ സാമ്പത്തിക ബാധ്യതയാകും നേരിടേണ്ടിവരുക. വമ്പൻ വ്യവസായികൾ ഈ മേഖലയിലേക്ക് വന്നതോടെ പേരന്റ് സ്റ്റോക്ക്, ഹാച്ചറി, ഫീഡ് ഫാക്ടറി എന്നിവ തുടങ്ങിയതിനാൽ ഉൽപാദനച്ചെലവ് ഗണ്യമായി കുറയുകയും വില കുറച്ച് ഇറച്ചിക്കോഴികളെ വിൽക്കുകയും ചെയ്തുതുടങ്ങി.
ജി.എസ്.ടിയുടെ വരവോടെ ഇതര സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ ഉൽപാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കേരളത്തിലേക്ക് എത്തിച്ച് വിലകുറച്ചു വിൽക്കുന്നതും കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്.
ജില്ലയിൽ നൂറുകണക്കിന് കർഷകരാണ് കഷ്ടപ്പെടുന്നത്. പലരും ഈ മേഖലയിൽനിന്ന് പിൻവലിഞ്ഞുതുടങ്ങി. കേരള പൗൾട്രി കോർപറേഷൻ, എം.പി.ഐ, കേരള ചിക്കൻ എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല.
കേരള പൗൾട്രി കോർപറേഷന് കുഞ്ഞും തീറ്റയും കർഷകർക്ക് നൽകി കോഴി തിരിച്ചെടുത്ത് വിൽപന നടത്താൻ വേണ്ടവിധം കഴിയുന്നില്ല. എം.പി.ഐ ഇപ്പോഴും കുത്തകകളിൽനിന്നാണ് കോഴി വാങ്ങുന്നത്. തൊട്ടടുത്തു വളർത്തുന്ന കോഴിക്കർഷകരിൽനിന്നുപോലും വാങ്ങാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.