കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ അടുത്തതോടെ വിലക്കുറവിന്റെ വിപണികളും ഉണർന്നു. പോക്കറ്റ് കാലിയാവാതെ ആഘോഷിക്കാൻ വിവിധ സർക്കാർ വകുപ്പുകളും വിഭാഗങ്ങളും വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. സാധാരണരീതിയിൽ ആഘോഷകാലങ്ങളിലുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായാണ് സപ്ലൈകോയും കൺസ്യൂമർഫെഡും പ്രത്യേക വിപണനമേള തുടങ്ങിയത്.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ശനിയാഴ്ച മുതൽ സപ്ലൈകോ ജില്ല ഫെയർ ആരംഭിച്ചു. ഡിസംബർ 30 വരെ നീളും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി.
ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
150ലധികം ഉൽപ്പന്നങ്ങൾക്കാണ് വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെയാണ് ഫെയർ പ്രവർത്തിക്കുക.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്മസ്- പുതുവത്സര വിപണികളുടെ ജില്ലതല ഉദ്ഘാടനം കൺസ്യൂമർഫെഡ് ഗാന്ധിനഗർ ഹെഡ് ഓഫിസ് അങ്കണത്തിൽ നടന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സബ്സിഡി വിലക്കും മറ്റ് ഉൽപന്നങ്ങൾ പൊതുവിപണിയിൽ നിന്ന് 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിലും വിൽപന നടത്തും. ജനുവരി ഒന്നിനാണ് സമാപനം.
ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് അടുത്ത ജനുവരി നാലു വരെയുള്ള വില്പനക്ക് 20 മുതല്‍ 30 ശതമാനം വരെ സർക്കാർ റിബേറ്റ് അനുവദിക്കും.
ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട്, കൂത്താട്ടുകുളം, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, മലയിടം തുരുത്ത് ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്പനശാലകളില് നിന്ന് ഈ ആനുകൂല്യം ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.