കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍) നിർമിച്ച 13ാമത്തെ ഇലക്ട്രിക് ഹൈബ്രിഡ് വാട്ടര്‍ മെട്രോ ഫെറി കൈമാറി. 100 പേർക്കിരിക്കാവുന്ന ബി.വൈ 137 എന്ന പേരിലുള്ള ബോട്ടാണ് കൈമാറിയത്. കെ.എം.ആര്‍എല്ലിന്റെയും സി.എസ്.എല്ലിന്റെയും ഡയറക്ടര്‍മാരും കെ.എം.ആർ.എല്‍, സി.എസ്.എല്‍, ഡി.എൻ.വി, ഐ.ആര്.എസ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പു വെക്കല്‍ ചടങ്ങിൽ പങ്കെടുത്തു.
സി.എസ്.എല്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ഹരികൃഷ്ണന്, കെ.എം.ആർ.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി പി. ജനാര്ദ്ദനന് എന്നിവരാണ് കൈമാറ്റ രേഖയില്‍ ഒപ്പുവെച്ചത്. കൊച്ചിയിലെ താമസക്കാര്‍ക്കും സന്ദര്‍ശര്‍ക്കും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി രൂപകൽപന ചെയ്ത അത്യാധുനിക യാനമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. കുറഞ്ഞ മലിനീകരണം ഉറപ്പാക്കുന്നതും പരിസ്ഥിതി ആഘാതം കുറക്കുന്നതുമായ ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയതാണ്. കൂടുതൽ ടെർമിനലുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചി വാട്ടർ മെട്രോ. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവിസ് ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. രാവിലെയും ഉച്ചക്കും വൈകീട്ടും ഓരോ സർവിസ് വീതം ആരംഭിക്കാനാണ് തീരുമാനം. ഇതിനു വേണ്ടി ഷിപ് യാർഡിൽ നിന്ന് ഇനിയും ബോട്ടുകൾ വാട്ടർ മെട്രോക്ക് കിട്ടാനുണ്ട്. ഇതിലൊന്നാണ് വെള്ളിയാഴ്ച കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.