മട്ടാഞ്ചേരി: ഒ.പിയിൽനിന്നെടുത്ത ചീട്ട് ചുളുങ്ങിപ്പോയെന്ന കാരണത്താൽ വനിത ഡോക്ടർ ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കൊച്ചങ്ങാടി സ്വദേശി അഫ്സലിന്റ ഭാര്യ തൻസി ഒന്നര വയസ്സുള്ള മകൻ സയാന്റെ ചികിത്സക്കായെത്തിയതാണ്. ഒ.പിയിൽനിന്ന് കുഞ്ഞിന്റെ പേരിൽ ചീട്ടെടുത്ത് വനിത ഡോക്ടറെ കാണിച്ചു. മൂത്രതടസ്സം സംബന്ധിച്ച കാര്യം പറഞ്ഞപ്പോൾ കുഞ്ഞ് മൂത്രം ഒഴിച്ചതിനുശേഷം പോയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടറുടെ കാബിനിൽനിന്ന് കുഞ്ഞുമായി ഇറങ്ങിയപ്പോൾ കുഞ്ഞ് മൂത്രമൊഴിക്കുകയും ചുവപ്പ് നിറം കണ്ടതിനെ തുടർന്ന് ഡോക്ടറുടെ അടുത്ത് തിരികെയെത്തി ഒ.പി ചീട്ട് നൽകി വിവരം പറഞ്ഞപ്പോൾ ചുളുങ്ങിയെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് പരാതിപറയാൻ ആശുപത്രിയിൽ സൂപ്രണ്ടും ആർ.എം.ഒയും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
തുടർന്ന് പൊതുപ്രവർത്തകരായ ഷമീർ വളവത്ത്, സുജിത് മോഹനൻ എന്നിവർ ആശുപത്രിയിലെത്തി ഇടപെട്ടതോടെ മറ്റൊരു ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കുകയും പരിശോധന സംബന്ധിച്ച കുറിപ്പടികളും മരുന്നും എഴുതി നൽകുകയുമായിരുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്ന് ചീട്ട് ചുളുങ്ങിയത് ശ്രദ്ധയിൽപ്പെടുത്തുക മാത്രമായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.