കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കവേ ധാരണകൾ അട്ടിമറിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിറോ മലബാർ മീഡിയ കമീഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സഭയുടെ സിനഡ് നിശ്ചയിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. ഇതു തുടരവേ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചർച്ചകളിലെ ധാരണകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ചർച്ചകളിൽ ഒരുതരത്തിലും ഇടപെടാത്തയാളാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്നും സഭ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
കൊച്ചി: എറണാകുളം അതിരൂപതയിലെ കുർബാന പ്രശ്നം പരിഹരിക്കാനുള്ള തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു എന്നാണ് സിറോ മലബാർ സഭാ വക്താവ് പുറത്തിറക്കിയ വാർത്താകുറിപ്പ് വ്യക്തമാക്കുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. സിനഡ് കമീഷൻ അംഗങ്ങളും വൈദീകരും ഉണ്ടാക്കിയ ധാരണ അനുസരിച്ചുള്ള കാര്യങ്ങൾക്ക് നേരെ വിപരീതമാണ് പ്രസ്താവനയിലുള്ളതെന്ന് ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും ആരോപിച്ചു. സിനഡ് കുർബാന എറണാകുളം അതിരൂപതയിൽ നടപ്പാക്കുക എന്നതായിരുന്നു സിനഡ് കമീഷൻ അജണ്ടയെങ്കിൽ ആ ചർച്ചയിൽ പങ്കെടുക്കാൻ എറണാകുളം അതിരൂപത തയാറാകുകയില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സിനഡ് കമീഷൻ വൈദീക ചർച്ച അനുസരിച്ച് നിലവിലെ സ്ഥിതി തുടരാനും പ്രകോപനപരമായ നടപടികൾ ഉണ്ടാകരുതെന്നും നിലപാട് എടുത്തത് അനുസരിച്ച് എറണാകുളം അതിരൂപത വിശ്വാസികളും വൈദീകരും അച്ചടക്കം പാലിച്ചപ്പോൾ ഫാ.ആന്റണി പൂതവേലിയും മാർ ആൻഡ്രൂസ് താഴത്തും പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബസിലിക്ക കൂട്ടായ്മ പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയും കുറ്റക്കാരായ വൈദികർക്കെതിരെ ശിക്ഷാനടപടികളും നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി. കൊച്ചിയിൽ ചേർന്ന ഫൊറോന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങൾ നടപ്പാക്കുന്നതും സഭയെ വെല്ലുവിളിക്കുന്ന വൈദികർക്കും അൽമായർക്കുമെതിരെ നടപടി സ്വീകരിക്കുന്നതും കാത്തിരിക്കുന്ന നിരവധി വിശ്വാസികൾ സിറോ മലബാർ സഭയിലും ഈ അതിരൂപതയിലുമുണ്ട്. ചർച്ചക്ക് നിയോഗിച്ച മെത്രാൻ കമ്മിറ്റി വിമത കൂട്ടത്തിന്റെ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങളെടുത്താൽ യഥാർഥ വിശ്വാസികളുടെ ശക്തി വരും ദിവസങ്ങളിൽ സഭാ മേലധ്യക്ഷന്മാർ കാണേണ്ടി വരും.
സിനഡ് പുറത്തിറക്കിയ സർക്കുലറിലെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമേ മെത്രാൻ കമ്മിറ്റി ചർച്ചകൾ നടത്താവൂ. പരസ്യപ്പെടുത്തിയ നിബന്ധനകളിൽനിന്ന് വ്യതിചലിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും അംഗീകരിക്കില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജനറൽ കൺവീനർ മത്തായി മുതിരേന്തി വ്യക്തമാക്കി.
കൊച്ചി: എറണാകുളം അതിരൂപതയുടെ കീഴിലെ സെന്റ് മേരീസ് ബസിലിക്ക ഇടവക സമൂഹം പള്ളിയിൽ സ്ഥാപിച്ചിരുന്ന പന്തൽ നശിപ്പിച്ച നിലയിൽ. അർധരാത്രി രണ്ടോടെ മൂന്നുപേർ വന്ന് പന്തൽ പൊളിക്കുകയായിരുന്നു എന്നാണ് സുരക്ഷ ജീവനക്കാരൻ വ്യക്തമാക്കിയത്. പന്തൽ പൊളിച്ചതുമായി ബന്ധപ്പെട്ട് ബസിലിക്ക കൂട്ടായ്മ സെൻട്രൽ പൊലീസ് സ്റ്റേഷനിലും അസി. കമീഷണർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.