കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാൻ 15 ദിവസം മാത്രം ശേഷിക്കെ പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് ഒന്നാമത്തെയും അവസാനത്തെയും സ്ഥാനങ്ങൾ നേടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കോർപറേഷനുകളിൽ ഒന്നാമത് കൊച്ചി കോർപറേഷൻ എത്തിയപ്പോൾ ജില്ല പഞ്ചായത്തുകളിൽ ഏറ്റവും പിന്നിലാണ് ജില്ല. മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും സംസ്ഥാനത്ത് ഏറ്റവും മുന്നിലും പിന്നിലുമായുണ്ട് ജില്ലയിലെ സ്വയംഭരണ സ്ഥാപനങ്ങൾ.
ബജറ്റ് പദ്ധതികളിലെ 84.79 കോടിയിൽ 60.21 കോടിയും ചെലവഴിച്ചാണ് കൊച്ചി കോർപറേഷൻ ഒന്നാം സ്ഥാനത്ത് എത്തിയത്. ബുധനാഴ്ച വരെ 71.01 ശതമാനമാണ് പദ്ധതികളുടെ തുക വിനിയോഗം.
ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കോതമംഗലം സംസ്ഥാനതലത്തിൽതന്നെ പദ്ധതി വിനിയോഗത്തിൽ നാലാമതാണ്. 13.25 കോടി വരുന്ന ബജറ്റ് പദ്ധതികളിൽ 6.99 കോടിയും വിനിയോഗിച്ചു. 77.82 ശതമാനം പൂർത്തീകരണമാണ് നഗരസഭ നേടിയത്. പദ്ധതി വിനിയോഗത്തിൽ മുനിസിപ്പാലിറ്റികളിലെ ആദ്യ 30 സ്ഥാനങ്ങളിൽ മൂവാറ്റുപുഴ 11ാമതും അങ്കമാലി 13ാമതുമായുണ്ട്.
സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിൽ പിന്നിലാണ് എറണാകുളത്തിന്റെ സ്ഥാനം. 58.61കോടിയുടെ ബജറ്റിൽ 31.12 കോടി മാത്രമാണ് എറണാകുളം ചെലവഴിച്ചതെന്ന് തദ്ദേശ വകുപ്പിന്റെ കണക്കുകൾ വിവരിക്കുന്നു. 53.10 ശതമാനം മാത്രമാണ് ജില്ല പഞ്ചായത്ത് പദ്ധതികൾക്ക് ചെലവഴിച്ചത്.
മുനിസിപ്പാലിറ്റികളിൽ പിന്നിൽ കളമശ്ശേരി
പദ്ധതി വിനിയോഗത്തിലെ അവസാന 30 മുനിസിപ്പാലിറ്റിയിൽ 12ാം സ്ഥാനത്ത് ജില്ലയിലെ കളമശ്ശേരിയുണ്ട്. 10.59 കോടിയുടെ ബജറ്റിൽ 5.57 കോടി മാത്രമാണ് കളമശ്ശേരി വിനിയോഗിച്ചത്. പിറവം, പെരുമ്പാവൂർ, ഏലൂർ, മരട് എന്നിവയും ബജറ്റ് പദ്ധതികളുടെ പൂർത്തീകരണത്തിൽ പിന്നിലാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിലെ ആദ്യ 13ാം സ്ഥാനത്ത് ജില്ലയിൽനിന്നുള്ള പാറക്കടവ് ബ്ലോക്കുണ്ട്. 4.36 കോടിയുടെ ബജറ്റിൽ 3.57 കോടിയും പാറക്കടവ് ചെലവഴിച്ചു. 81.88 ശതമാനമാണ് വിനിയോഗിച്ചത്. കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനത്തെ ആദ്യ 30 ബ്ലോക്കിൽ 15ാം സ്ഥാനത്ത് ജില്ലയിൽനിന്നുള്ള പാമ്പാക്കുടയുമുണ്ട്. അതേസമയം, പദ്ധതി വിനിയോഗത്തിലെ അവസാനക്കാരിൽ അഞ്ചാമത് വാഴക്കുളം ബ്ലോക്കാണ്. 5.62 കോടിയുടെ ബജറ്റിന്റെ 46.44 ശതമാനം മാത്രമായ 2.61കോടിയാണ് വാഴക്കുളം വിനിയോഗിച്ചത്.
പഞ്ചായത്തുകളിൽ മുന്നിൽ വടവുകോട്, പിന്നിൽ കുട്ടമ്പുഴ
ജില്ലയിലെ പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിൽ ഒന്നാമത് വടവുകോട്-പുത്തൻ കുരിശ് പഞ്ചായത്താണ്. 2.98 കോടിയുടെ ബജറ്റിൽ 2.78 കോടിയും പഞ്ചായത്ത് ചെലവഴിച്ചു. പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്തെ മുൻനിര പഞ്ചായത്തുകളിൽ ജില്ലയിൽനിന്നുള്ള പാലക്കുഴ, കാഞ്ഞൂർ, രായമംഗലം, ആവോലി എന്നിവയുമുണ്ട്. അതേസമയം, സംസ്ഥാനത്ത് തുക വിനിയോഗത്തിൽ പിന്നിലായ പഞ്ചായത്തുകളിൽ മൂന്നാമതാണ് കുട്ടമ്പുഴ. 13.45 കോടിയുടെ ബജറ്റിൽ 3.52 കോടി മാത്രം ചെലവഴിക്കാനാണ് കുട്ടമ്പുഴക്ക് കഴിഞ്ഞത്. ചെലവഴിച്ചത് 26.1 ശതമാനം മാത്രം. മുളവുകാട്, ചെല്ലാനം, കടമക്കുടി, വാഴക്കുളം, എടത്തല പഞ്ചായത്തുകളും ഈ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.