കൊച്ചി: കണക്കിൽപെടാത്ത കോവിഡ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താൻ തുടങ്ങിയതോടെ മരണനിരക്കിൽ രണ്ടാമതെത്തി ജില്ല. മരണനിരക്ക് 0.73 എന്ന നിലയിലേക്കും ഉയർന്നു. സംസ്ഥാന ശരാശരി 0.71ആണ്.1450 മരണങ്ങളാണ് അപ്പീൽവഴി പുതുതായി പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്. ഒക്ടോബർ മുതലാണ് അപ്പീൽവഴി കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കാനുള്ള നടപടി തുടങ്ങിയത്. ഇതിനുശേഷം ഉൾപ്പെടുത്തിയവകൂടി ചേർത്ത് നിലവിൽ 4489 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണമായി സ്ഥിരീകരിക്കാൻ രണ്ടായിരത്തിലേറെ അപേക്ഷ ഇപ്പോഴും പരിഗണനയിലുണ്ട്. ഇതിൽ അംഗീകരിക്കപ്പെടുന്നതുകൂടി കണക്കിലെടുത്താൽ മരണം അതിവേഗം 5000 കടക്കും.
ഏറ്റവും കൂടുതൽ ആക്ടിവ് കേസുകളും ക്വാറൻറീനും ഉള്ളത് ജില്ലയിലാണ്. രോഗസ്ഥിരീകരണ നിരക്ക് പത്തിൽ താഴെയാണ് ജില്ലയിൽ. ക്വാറൻറീന് ശേഷമുള്ള കോവിഡ് പരിശോധനകൾ ഒഴിവാക്കിയതിനാൽ പരിശോധനയും നേർപകുതിയാണ്. പതിനായിരത്തോളം പരിശോധനകളാണ് പ്രതിദിനം നടക്കുന്നത്. കോവിഡ് കുറഞ്ഞെങ്കിലും മരണനിരക്ക് ഉയർന്നുനിൽക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. കോവിഡ് മരണങ്ങളായി സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം പുനർനിശ്ചയിച്ചതോടെ മരണനിരക്ക് ഉയരുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഡിസംബറോടെ രണ്ട് ഡോസ് വാക്സിനേഷൻ 100 ശതമാനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
919 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ 919 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 915പേരും രോഗബാധിതരായത്. ഉറവിടമറിയാത്ത മൂന്നുപേർക്കും ഒരു ആരോഗ്യപ്രവർത്തകക്കും രോഗംബാധിച്ചു. 826പേർ രോഗമുക്തി നേടി. 1236പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 34009 ആണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8534 ആണ്. സർക്കാർ സ്വകാര്യമേഖലകളിൽനിന്ന് 11449 സാമ്പിളുകൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 8.03 ശതമാനം. 2119 ഡോസ് വാക്സിനാണ് ഞയറാഴ്ച വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.