ആലുവ: സിറ്റി ബസുകളുടെ അഴിഞ്ഞാട്ടം തുടർക്കഥയായതോടെ നിയമലംഘകർക്കെതിരെ പിടിമുറിക്കാൻ മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമലംഘനങ്ങൾ വർധിച്ചതോടെ ഇവർക്കെതിരായ നടപടി ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് കാരണം സ്വകാര്യ ബസുകളുടെ ഗതാഗത നിയമ ലംഘനങ്ങളാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ആലുവ ജോ. ആർ.ടി.ഒ ബി. ഷഫീഖ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ആലുവ ടൗൺ ഒഴിവാക്കി ലൈറ്റ് വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കപ്പെട്ട ആലുവ മാർക്കറ്റിലെ ഇടുങ്ങിയ വഴിയിലൂടെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ സിറ്റി ബസ് ഡ്രൈവർ ശ്രമിച്ചിരുന്നു.
ബസ് ഇവിടെ കുടുങ്ങിയതോടെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കായിരുന്നു. നിയമലംഘനം നടത്തിയ സ്വകാര്യ ബസ്ഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായി ജോ.ആർ.ടി.ഒ അറിയിച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായി വിശദ റിപ്പോർട്ട് സഹിതം കലക്ടർ അധ്യക്ഷനായ എറണാകുളം ആർ.ടി.എ ബോർഡിലേക്ക് ശിപാർശയും നൽകിയിട്ടുണ്ട്.
എല്ലാ നിയമലംഘനങ്ങളും കണ്ടെത്തി കർശന പടപടി സ്വീകരിക്കുമെന്നും നിരത്തിൽ പ്രത്യേകം എൻഫോഴ്സ്മെന്റ് ജീവനക്കാരെ ഇതിലേക്ക് വിന്യസിച്ചതായും ആലുവ ജോ.ആർ.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.