മൂവാറ്റുപുഴ: ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാതെ മൂവാറ്റുപുഴയിൽ എത്തുന്നവർക്ക് ഇനി വിശന്നിരിക്കേണ്ടി വരില്ല. നഗരത്തിലെ കച്ചേരിത്താഴത്ത് സ്ഥാപിച്ച കിയോസ്കിൽനിന്ന് പൊതിച്ചോറ് എടുത്തു വിശപ്പടക്കാം.
മൂവാറ്റുപുഴയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹവീട് ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിലെ സ്നേഹവീട്ടിൽനിന്നുള്ള ഭക്ഷണമാണിത്. സ്നേഹവീട്ടിലെ അന്തേവാസികളായ അമ്മമാരാണ് നഗരത്തിലെത്തുന്ന പാവപ്പെട്ടവർക്കും വിശപ്പുകൊണ്ട് നഗരത്തിൽ അലയുന്നവർക്കുമായി ദിനേന നൂറുകണക്കിന് ഭക്ഷണപ്പൊതികൾ തയാറാക്കുന്നത്.
പതിനൊന്നര മണിയോടെ എല്ലാദിവസവും നൂറോളം ഭക്ഷണപ്പൊതികളുമായി സ്നേഹവീട് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിനീഷ് കുമാർ കച്ചേരിത്താഴത്ത് സ്ഥാപിച്ചിരിക്കുന്ന കിയോസ്കിന് മുന്നിലെത്തും.
അവിടെ എല്ലാ ദിവസവും നിരവധി പേർ കാത്തുനിൽക്കുക പതിവാണ്. ഒരു നേരത്തെ ആഹാരത്തിനായി മറ്റാരുടെയും മുന്നിൽ പാവപ്പെട്ടവർ കൈനീട്ടരുതെന്നും മൂവാറ്റുപുഴ നഗരത്തിലെത്തുന്നവരാരും വിശന്ന് തിരികെ പോകരുത് എന്നുമുള്ള ലക്ഷ്യത്തോടെയാണ് ഇത്തരത്തിലെ പ്രവർത്തനമെന്നും ഇദ്ദേഹം പറഞ്ഞു.
ഒരു പൊതി ഭക്ഷണം മാത്രമേ എടുക്കാവൂ എന്ന നിബന്ധന ഉണ്ടെങ്കിലും ഒന്നിൽ കൂടുതൽ എടുക്കുന്നതിനും കുഴപ്പമില്ല. പാവങ്ങളെയും അശരണരെയും സഹായിക്കുന്നതിനായി അനേകം സുമനസ്സുകളും സ്നേഹവീട്ടിലെ അമ്മമ്മാർക്കൊപ്പമുണ്ട്. ആദ്യം പത്തുപൊതിയിൽ തുടങ്ങിയ പൊതിച്ചോർ വിതരണം ഇപ്പോൾ നൂറിലധികം എത്തിനിൽക്കുന്നു. കുടിവെള്ളവും ഇതിനൊപ്പം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.