കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും. മുകള്ഭാഗം തുറന്ന ബസുകള്‍ എം.ജി റോഡ് മാധവ ഫാര്‍മസി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയായിരിക്കും സര്‍വിസ് നടത്തുക. ബസ് കൊച്ചിയിൽ എത്തിയതായും ഡിസംബർ മുതൽ ഓടിത്തുടങ്ങുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. നിലവില്‍ തിരുവനന്തപുരത്ത് ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയില്‍ സി.എസ്.എം.എല്ലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകള്‍ സര്‍വിസ് നടത്തുന്നത്. കൊച്ചിയിലെ സമയമടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. നഗരക്കാഴ്ചകള്‍ രസകരമായി ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും സമയം ക്രമീകരിക്കുക.
ഉൾനാടിന്റെ മനോഹാരിത കാണാൻ പദ്ധതി
കൊച്ചി: ഉൾനാടൻ കനാലിലൂടെ മനോഹര പ്രദേശങ്ങൾ കാണാൻ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാന ജലഗതാഗത വകുപ്പ് പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി ബോട്ടുകൾ നിർമിക്കാനുള്ള അനുമതി തേടി വകുപ്പ് സർക്കാറിന് ശിപാർശ നൽകി. അറിയപ്പെടാത്ത ഗ്രാമീണ ഭംഗികൾ ആസ്വദിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. വലിയ ബോട്ടുകളായതിനാൽ ചിലയിടങ്ങളിൽ ഉൾപ്രദേശങ്ങളിലേക്ക് പ്രവേശിക്കാനാവില്ല. ഇത്തരത്തിലുള്ള മേഖലകൾ കണ്ടെത്തി അവിടെയും ടൂറിസത്തിന്റെ സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം.
പുതുതായി നിർമിക്കുന്ന ബോട്ടിന്റെ ഇരുവശത്തും ഗ്ലാസായിരിക്കും ഉണ്ടാവുക. ഇതിലൂടെ പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കും. 20 സീറ്റിന്റെ സോളാർ എ.സി ബോട്ടുകളാണ് നിർമിക്കുന്നത്. സർക്കാറിന്റെ വർക്ക് കമ്മിറ്റി കൂടി തീരുമാനമായാൽ ഉടൻതന്നെ ടെൻഡർ നടപടികളിലേക്ക് കടക്കും.
എറണാകുളം ജില്ലയിലെ കടമക്കുടി, പിഴല, കുട്ടനാട്ടിലെ വേണാട്ടുകാട് മേഖലകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ റൂട്ടുകൾ കണ്ടെത്തും. ബോട്ടിന്റെ വീതി, നീളം എന്നിവയടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. കുടുംബശ്രീയുമായി ചേർന്ന് പുതിയ ആശയത്തിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആരും കടന്നുചെല്ലാത്ത കേരളത്തിന്റെ തനത് ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.