ഇടപ്പള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമണം; ചരിത്ര രചനയിലെ പിശകിൽ സി.ഐ.ടി.യുവിന്‍റെ ക്ഷമാപണം

കൊച്ചി: ‘സി.ഐ.ടിയു കേരള ചരിത്രം’ എന്ന പുസ്തകത്തിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച്​ തെറ്റായ വിവരങ്ങൾ അച്ചടിച്ചുവന്നതിൽ ക്ഷമാപണവുമായി സി.ഐ.ടി.യു. കേരള ട്രേഡ്​ യൂനിയനുകളുടെ ആവിർഭാവവും സി.ഐ.ടി.യു രൂപവത്​കരണത്തിന്​ ശേഷമുള്ള അരനൂറ്റാണ്ടും വിവരിക്കുന്ന, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പുസ്തകത്തിലെ തെറ്റുകൾ വിവാദമായ പശ്ചാത്തലത്തിലാണ്​ ക്ഷമാപണം. പൊലീസ്​ സ്​റ്റേഷൻ ആക്രമണ കേസിലെ ജീവിച്ചിരിക്കുന്ന ഏക സമരസേനാനി എം.എം. ലോറൻസിനോട്​​ ഇത്​ സംബന്ധിച്ചുണ്ടായ വേദനയിൽ സംസ്ഥാന സെക്രട്ടറിയും ചരിത്ര രചന സബ്​ കമ്മിറ്റി കൺവീനറുമായ കെ.എൻ. ഗോപിനാഥ്​ മാപ്പുപറഞ്ഞു.

ആറ്​ വാള്യങ്ങളായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുസ്​തകത്തിന്‍റെ ആദ്യ ഭാഗം മേയ്​ 30നാണ്​ പ്രസിദ്ധീകരിച്ചത്​. ഇടപ്പള്ളി ആക്രമണത്തിന്‍റെ തീയതി പോലും തെറ്റായി രേഖപ്പെടുത്തിയ പുസ്തകം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 1950 ഫെബ്രുവരി 28ന് അർധരാത്രി നടന്ന ഇടപ്പള്ളി സമരം 1949 ഫെബ്രുവരി 23 എന്നാണ്​ പുസ്​തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്​. എഫ്​.എ.സി.ടി തൊഴിലാളി സമരമായിരുന്നില്ലെങ്കിലും അവരും പൊലീസും തമ്മിലെ ഏറ്റുമുട്ടലായാണ്​ ഇതിൽ പരാമർശിച്ചിട്ടുള്ളത്​. എൻ.കെ. മാധവനെയും എഫ്.എ.സി.ടി. തൊഴിലാളിയായ പരീതുകുട്ടിയെയും കമ്പനി കവാടത്തിൽവെച്ച് അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പിൽ മർദിക്കുകയും ചെയ്തതോടെ പൊലീസ് സ്റ്റേഷനിലേക്ക് എഫ്.എ.സി.ടി തൊഴിലാളികൾ മാർച്ച്​ ചെയ്തുവെന്നും തൊഴിലാളികൾ സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്​. എന്നാൽ, മാധവനൊപ്പം അറസ്റ്റ്​ ചെയ്തത്​ വറുതുട്ടിയെയാണ്​, പരീതുകുട്ടിയെയല്ല.

വറുതുട്ടി ലോക്കപ്പിൽ മരിച്ചെന്നും മാധവൻ കസ്റ്റഡിയിലാണെന്നുമുള്ള വാർത്ത റെയിൽവേ പണിമുടക്ക് വിജയിപ്പിക്കാൻ പോണേക്കരയിൽ ചേർന്ന തൊഴിലാളികളുടെ യോഗത്തിലേക്ക് എത്തിയതോടെ തൊഴിലാളികൾ ആത്മഹത്യാ സ്ക്വാഡുണ്ടാക്കി ആയുധങ്ങളുമായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ഇതിൽ ​പൊലീസുകാരായ മാത്യുവും വേലായുധനും കൊല്ലപ്പെട്ടതോടെ കെ.യു. ദാസ്, ജോസഫ് എന്നിവരെ ലോക്കപ്പിലിട്ട്​ മർദിച്ചു കൊന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും സി.ഐ.ടി.യു തയാറാക്കിയ ചരിത്രത്തിൽ ഇല്ല.

കെ.എൻ. ഗോപിനാഥ് കൺവീനറായ, കെ. ചന്ദ്രൻപിള്ളയടക്കം മുതിർന്ന നേതാക്കൾ അടങ്ങുന്ന സബ്​ കമ്മിറ്റിയാണ്​ പുസ്​തക രചനക്ക്​ പിന്നിൽ പ്രവർത്തിച്ചത്​.

ജില്ലകളിൽനിന്നുള്ള സബ്​ കമ്മിറ്റികൾ നൽകിയ വിവരങ്ങൾ ചേർത്ത്​ തയാറാക്കിയതിനാൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന ന്യായീകരണമാണ്​ സി.ഐ.ടി.യു നടത്തുന്നത്​. അടുത്ത വാള്യങ്ങൾ തെറ്റു തിരുത്തിയാവും പുറത്തിറക്കുകയെന്ന ഉറപ്പാണ്​ ഇവർ നൽകുന്നത്​.

Tags:    
News Summary - Edappally Police Station Attack; CITU apologizes for error in historical writing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.