പെരുമ്പാവൂര്‍: എന്റെ ചട്ടി വരുമ്പോള്‍ അമ്മയുടെ കണ്ണ് പൊട്ടയായിരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ബുധനാഴ്ച നിയമസഭയില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകള്‍ മോശമായി കിടക്കുന്നത് സംബന്ധിച്ച സബ്മിഷന് അവതരിപ്പിക്കുമ്പോഴായിരുന്നു എം.എല്‍.എയുടെ പഴഞ്ചൊല്ല് വിമര്‍ശനം.
252 കിലോ മീറ്റര്‍ റോഡുള്ള പെരുമ്പാവൂരില്‍ 150 കിലോമീറ്റര്‍ ദൂരവും മോശമാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ മണ്ഡലത്തിലെ റോഡുകള്‍ക്ക് തുക അനുവദിക്കാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ സബ്മിഷന് അവതരിപ്പിച്ചത്. വ്യവസായ പ്രാധാന്യമുള്ളതും സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നതുമായ മണ്ഡലങ്ങളില്‍ ഒന്നാണിത്. എന്നിട്ടും റോഡിന് പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പറഞ്ഞു. എന്നാൽ, 17 കിലോ മീറ്റര്‍ ബി.എം ആൻഡ് ബി.സി ആക്കിയിട്ടുണ്ടെന്നും റോഡ് നന്നാക്കാന്‍ പണം അനുവദിക്കാമെന്നും മന്ത്രി പറഞ്ഞു.
2016ല്‍ താന്‍ ജനപ്രതിനിധിയായി പെരുമ്പാവൂരില്‍ എത്തുമ്പോള്‍ ഒരു കിലോമീറ്റര്‍ റോഡ് പോലും ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ ഉണ്ടായിരുന്നില്ലെന്നും തൊട്ടടുത്ത നിയോജക മണ്ഡലങ്ങളാകട്ടെ ഏതാണ്ട് പകുതി മുക്കാലും അക്കാലത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ എത്തിയിരുന്നുവെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
മുഖ്യധാര മാധ്യമങ്ങളുടെ പ്രാദേശിക പേജുകള്‍ നിറയെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കുഴികളുടെ ചിത്രങ്ങളാണെന്നും 39 റോഡുകളാണ് ഒന്നര പതിറ്റാണ്ടായി കുഴിയടക്കല്‍ എന്ന മഹായജ്ഞത്തിന് വിധേയമായി കൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാമെന്ന് മറുപടിയില്‍ മന്ത്രി ഉറപ്പു നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.