കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കടുത്ത തിരിച്ചടിയേറ്റ എറണാകുളം ജില്ലയിൽ നടപടി കടുപ്പിച്ച് പാർട്ടി. പെരുമ്പാവൂർ, പിറവം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോൽവിക്ക് പിന്നിൽ പ്രവർത്തിച്ച ജില്ലയിലെ ഉന്നത നേതാക്കൾക്ക് സസ്പെൻഷനും പുറത്താക്കലും സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കലും ഉൾപ്പെടെയാണ് നടപടി. ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ജില്ല കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഷാജു ജേക്കബിനെ പുറത്താക്കി.പെരുമ്പാവൂരിൽ കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥി ബാബു ജോസഫിെൻറ തോൽവിക്ക് കാരണക്കാരായ നേതാക്കൾക്ക് പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് കൂട്ട സസ്പെൻഷൻ നൽകി. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.സി. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. സോമൻ, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.എം. സലീം, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ഐ. ബീരാസ്, മുൻ എം.എൽ.എ സാജു പോൾ, ആർ.എം. രാമചന്ദ്രൻ എന്നിവർക്കാണ് സസ്പെൻഷൻ. ഇവരിൽ പലർക്കും എതിരെ നടപടി ശാസനയിൽ ഒതുക്കാൻ ജില്ല കമ്മിറ്റി ശിപാർശ ചെയ്തെങ്കിലും സംസ്ഥാന കമ്മിറ്റി ഇടപെട്ട് കടുത്ത നടപടി ആവശ്യപ്പെടുകയായിരുന്നു. പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമായ സി.ബി.എ. ജബ്ബാറിനെ പദവികളിൽ നിന്ന് ഒഴിവാക്കി.
കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലെ പാർട്ടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി. മോഹൻ എന്നിവരെയും സസ്പെൻഡ് ചെയ്തതായി ജില്ല സെക്രട്ടറി എൻ.സി. മോഹനൻ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ജില്ല സെക്രേട്ടറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറുമായ സി.കെ. മണിശങ്കർ, പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ സി.എൻ. സുന്ദരൻ, വി.പി. ശശീന്ദ്രൻ, വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഡി. വിൻസെൻറ് എന്നിവരും സസ്പെൻഷൻ നേരിട്ടു. എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കുന്നതിന് ജില്ല കമ്മിറ്റി രണ്ട് കമീഷനുകളെയാണ് നിയോഗിച്ചത്. സി.എം. ദിനേശ് മണി, പി.എം. ഇസ്മയിൽ എന്നിവർ പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളെക്കുറിച്ചും ഗോപി കോട്ടമുറിക്കൽ, കെ.ജെ. തോമസ് എന്നിവർ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളെക്കുറിച്ചുമാണ് അന്വേഷിച്ചത്. അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് പാർട്ടി ജില്ല കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.