കൊച്ചി: വഴിയിലേക്ക് പൊട്ടിവീണും പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും ജനത്തിന് ഭീഷണി ഉയർത്തുന്ന കേബിളുകൾ കൊച്ചിയുടെ മുഖമായി മാറിയിട്ട് കാലമേറെയായി. ഹൈകോടതി ഇടപെട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വ്യാഴാഴ്ചയും വാഹനം തട്ടി റോഡിൽ പൊട്ടി വീണ കേബിളുകൾ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കി.
അപകടകരമായി കിടക്കുന്ന കേബിളുകൾ അതാത് സ്വകാര്യ കമ്പനികൾ പോസ്റ്റുകളിൽനിന്ന് ഒഴിവാക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഇടക്ക് നീക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. ഏത് സ്വകാര്യ കമ്പനിയുടേതാണെന്ന് പോലും അറിയാത്ത കേബിളുകൾ പലയിടത്തും അവശേഷിക്കുന്നു. കൊച്ചി നഗരത്തിൽ മാത്രമല്ല, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സമാന അവസ്ഥയുണ്ട്. അംഗീകൃത തൂണുകളിലുള്ള കേബിളുകൾ ടാഗ് ചെയ്യാനുമുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം ടി.ഡി റോഡിൽ കേബിൾ പൊട്ടിവീണത് അപകട ഭീഷണിയുണ്ടാക്കി. വലിയ തോതിൽ കുരുങ്ങി താഴേക്ക് തൂങ്ങിക്കിടന്ന കേബിൾ വാഹനം തട്ടി നിലത്ത് വീഴുകയായിരുന്നു.
കേബിളുകൾ സ്ഥാപിച്ച കമ്പനികളുടെ കഴിഞ്ഞ പത്ത് വർഷത്തോളമായുള്ള അനാസ്ഥയുടെ ഫലമാണ് കുരുക്കെന്ന് പൊതുപ്രവർത്തകർ പറയുന്നു. പലതവണ നിർദേശം നൽകിയിട്ടും നീക്കാൻ അവർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. 2022ൽ ചെമ്പുമുക്കിൽ കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ ഇരുചക്ര യാത്രികനായ 25കാരൻ മരിച്ചിരുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷൻ, ഹൈകോടതി എന്നിവിടങ്ങളിൽ നിന്നെല്ലാം ഇടപെടലുണ്ടായി. തുടർന്നും പലതവണ അപകടങ്ങളുണ്ടായി.
പള്ളിലാങ്കരയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് റോഡിൽ താഴ്ന്ന് കിടന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കളമശ്ശേരി ഇഖ്റ മസ്ജിദ് ഇമാമിന് പരിക്കേറ്റിരുന്നു. ഇതോടെ പൊതുഇടങ്ങളിൽ അപകടകരമായി സ്ഥാപിച്ച കേബിളുകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നീക്കണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിശദീകരിക്കരിക്കണമന്ന് ആവശ്യപ്പെട്ട് കമീഷൻ വീണ്ടും രംഗത്തെത്തി.
കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകളിൽ സർവിസ് കേബിളുകൾ വലിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽനിന്ന് സേഫ്റ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതത് ഓപറ്റേറ്റർമാർ അവരുടെ കേബിളുകൾ ടാഗ് ചെയ്ത് അടയാളപ്പെടുത്തണം.
മാനദണ്ഡങ്ങൾ പാലിക്കാത്തവ പോസ്റ്റുകളിൽനിന്ന് നീക്കാനുള്ള പ്രവൃത്തി ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ച സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.
കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളിലൂടെയടക്കം വലിച്ച കേബിളുകൾ 10 ദിവസത്തിനുള്ളിൽ ആരുടേതെന്ന് തിരിച്ചറിയാനാവും വിധം ടാഗ് ചെയ്യണം.
അല്ലാത്തപക്ഷം പിറ്റേന്ന് മുതൽ അവ നീക്കം ചെയ്യണം. മുറിച്ചുമാറ്റുന്ന കേബിളുകളുടെ ബാക്കി ഭാഗവും തൂങ്ങിയാടുന്ന അവസ്ഥയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിപ്പെടാൻ ഫോൺ നമ്പർ പോലും ലഭ്യമല്ലെന്നിരിക്കെ റസിഡന്റ്സ് അസോസിയേഷനുകൾക്കടക്കം പരാതിപ്പെടാൻ പരിമിതിയുണ്ട്.
മരിച്ചാൽ പോലും നടപടിയില്ലാത്ത അവസ്ഥയാണ്. നന്നായി വെക്കാത്ത കേബിളുകളൊക്കെ മാറ്റുകയാണ് വേണ്ടത്. 20 വർഷം കഴിയുമ്പോഴല്ല ഇത് ചെയ്യേണ്ടത്. കെ.എസ്.ഇ.ബിയുടെ ഉൾപ്പെടെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ നിർദിഷ്ട സമയ പരിധിക്ക് ശേഷം നീക്കം ചെയ്യാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ട്. പ്രശ്നങ്ങൾ നേരിട്ടാൽ കോടതിയെ അറിയിക്കാം. നടപ്പാതകളിൽ തൂങ്ങിക്കിടക്കുന്ന കേബിൾ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ റെഡിസൻസ് അസോസിയേഷനുകൾക്ക് ബന്ധപ്പെടാൻ തദ്ദേശ സ്ഥാപനങ്ങൾ ഇതിനു മാത്രമുള്ള നമ്പർ നൽകണം. ഇതേ വിഷയത്തിൽ കോടതി വീണ്ടും നിർദേശങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.