കൊച്ചി: നഗരത്തിലൂടെ പട്ടാപ്പകലോ നട്ടപ്പാതിരക്കോ നടക്കാൻ ഭയമുണ്ടോ? സാമൂഹ്യവിരുദ്ധരുടെയും അക്രമികളുടെയും തുറിച്ചുനോട്ടവും ആക്രമണവുമുണ്ടായേക്കുമെന്ന ഭീതിയുമുണ്ടാകാറുണ്ടോ? എന്നാൽ, ഇനി അതുവേണ്ട. പരിഹാരത്തിന് പൊലീസ് പുതിയ സംവിധാനമൊരുക്കുന്നുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള തൂണുകളിൽ സ്ഥാപിക്കുന്ന കാൾ ബോക്സിൽ വിരലമർത്തിയാൽ പൊലീസ് കൺട്രോൾ റൂമിൽ സന്ദേശമെത്തും. ഇത് ലഭിച്ച ഉടൻ പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയും ചെയ്യും. പരാതിക്കാർക്ക് ഇതിലൂടെ കൺട്രോൾ റൂമിലുള്ള ഉദ്യോഗസ്ഥനുമായി സംസാരിക്കുകയും ചെയ്യാം.
എമർജൻസി കാൾ ബോക്സ് (ഇ.സി.ബി) എന്ന ഈ സംവിധാനം കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് സിറ്റി പൊലീസിന് വേണ്ടി ഒരുക്കുന്നത്. പൊതുവേ ആളുകളുടെ സഞ്ചാരം കുറവുള്ള പ്രദേശങ്ങൾ മുതൽ സാമൂഹിക വിരുദ്ധർ പതിവായി താവളമാക്കാറുള്ള പ്രദേശങ്ങൾ വരെയുള്ള വിവിധ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുകയാണ് ഉദ്യോഗസ്ഥർ.
ഇ.സി.ബികൾ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പൊടുന്നനെ ഒരു ആക്രമണമുണ്ടാകുമെന്ന സംശയമുണ്ടായാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ ഇത് ഉപയോഗപ്പെടുത്താം. ഈ ബോക്സിൽ വിരലമർത്തി വളരെ വേഗത്തിൽ പൊലീസിനെ ബന്ധപ്പെടാം.
പരാതിയെത്തിയ മേഖല വേഗത്തിൽ തിരിച്ചറിയാനും അവിടെയെത്താനും പൊലീസിന് എളുപ്പമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കുമൊക്കെ ഈ സംവിധാനം ഏറെ ഉപകാരപ്പെടുമെന്നാണ് പൊലീസ് വിലയിരുത്തൽ.
പ്രത്യേക സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാനുള്ള പബ്ലിക് അഡ്രസിങ് സിസ്റ്റവും സ്ഥാപിക്കുന്നുണ്ട്. വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരുമ്പോൾ, ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം, മറ്റ് മുന്നറിയിപ്പുകൾ എന്നിവയൊക്കെ നൽകാൻ ഇത് ഉപയോഗപ്പെടുത്താനാകും.
സി.എസ്.എം.എൽ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 45 കോടി രൂപയാണ് ചെലവ്. ആദ്യഘട്ടത്തിൽ പുല്ലേപ്പടി, നോർത്ത്, മറൈൻ ഡ്രൈവ്, ഫോർട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതിയെത്തുന്നത്. നിലവിലുള്ള സുരക്ഷ കാമറകളും ഇതുമായി ബന്ധിപ്പിക്കുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഇതിനോടകം സ്ഥാപിച്ചിട്ടുള്ള പദ്ധതി ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായും യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.