കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് ഊർജംപകരാൻ ഒരു പദ്ധതികൂടി വരുന്നു. ആശുപത്രിയിൽ ഒരുങ്ങിയ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിക്കും.
ഹൈബി എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനങ്ങളായ ഐ.ഒ.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ സി.എസ്.ആർ ഫണ്ടുകൾ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സെൻട്രൽ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ടൈറ്റാൻ എന്നിവരുടെ പിന്തുണ, ആശുപത്രി വികസന സമിതിയിൽനിന്നുള്ള തുക എന്നിവയെല്ലാം ചേർത്ത് എട്ടുകോടി രൂപയോളം പദ്ധതിക്ക് ചെലവായിട്ടുണ്ട്.
മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ.ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ.സി.യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. 54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്. ഇന്ത്യയിൽതന്നെ ഒരു സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്രയും ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
സെൻട്രലൈസ്ഡ് ഓക്സിജൻ സെക്ഷൻ എയർ, ആറ് ബയോ കാർബണേറ്റ് മിക്സറുകൾ, ഓരോ ഫ്ലോറിലും ഹെൽപ് ഡെസ്ക്കുകൾ, ആറ് നഴ്സിങ് സ്റ്റേഷനുകൾ, 24 വാഷിങ് ഏരിയ, ടോയ്ലറ്റ് സൗകര്യങ്ങൾ, സ്റ്റാഫ് റെസ്റ്റ് റൂം, ഇൻഷുറൻസ് കൗണ്ടർ എന്നിവയെല്ലാം സജ്ജമാകും.
പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ ഡയാലിസിസിലൂടെ ജീവിതം നിലനിർത്തുന്ന നൂറുകണക്കിന് രോഗികളുടെ ദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുക്കും.
രാജ്യത്തെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലതല സർക്കാർ ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറൽ ആശുപത്രി ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.