കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ, നികുതി, പെർമിറ്റ് തുടങ്ങിയ പലതരം സേവനങ്ങളിൽ നിന്നായി 2023ൽ മാത്രം എറണാകുളം ആർ.ടി ഓഫിസ് വരുമാനമുണ്ടാക്കിയത് 368 കോടി. സംസ്ഥാനത്ത് വരുമാനത്തിൽ ഒന്നാമനാണ് കെ.എൽ 07 എന്ന കോഡിലുള്ള എറണാകുളം ആർ.ടി ഓഫിസ്. ഇക്കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത് 25,084 വാഹനങ്ങളാണ്.
സിനിമ താരങ്ങളും ബിസിനസുകാരുമുൾപ്പെടെ ഉന്നതരും പ്രമുഖരും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും മറ്റു സേവനങ്ങൾക്കുമായി ആശ്രയിക്കുന്നതും ഇതേ ഓഫിസിനെയാണ്. വരുമാനത്തിലെ സിംഹഭാഗവും മോട്ടോർവാഹന നികുതിയിലൂടെ ലഭിച്ചതാണ്. 336 കോടി രൂപയാണ് ഈയിനത്തിൽ സംസ്ഥാന ഖജനാവിലേക്കെത്തിച്ചത്.
സംസ്ഥാനത്തെ കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ ആർ.ടി ഓഫിസ് കെ.എൽ-01 എന്നറിയപ്പെടുന്ന തിരുവനന്തപുരമാണ് -കഴിഞ്ഞവർഷം 278 കോടിയായിരുന്നു വരുമാനം. 173 കോടി രൂപയുമായി കോഴിക്കോടാണ് (കെ.എൽ-11) മൂന്നാമത്.
ജില്ലയിൽ എറണാകുളം കൂടാതെ മൂവാറ്റുപുഴ ആർ.ടി ഓഫിസ് കൂടിയുണ്ട്. ഇവിടത്തെ 2023ലെ വരുമാനം 96 കോടിയാണ്. ഇതുകൂടാതെ ആലുവ, അങ്കമാലി, കോതമംഗലം, മട്ടാഞ്ചേരി, നോർത്ത് പറവൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സബ് ആർ.ടി ഓഫിസുകളിലെ വരുമാനവും ശതകോടികൾ വരും.
എറണാകുളം ഓഫിസിനുകീഴിൽ കഴിഞ്ഞ വർഷം 17,259 പെർമിറ്റുകളാണ് നൽകിയത്. 3,21,106 സാമ്പത്തിക ഇടപാടുകളിലൂടെയാണ് എറണാകുളം ആർ.ടി ഓഫിസ് 368 കോടിയെന്ന ഉയർന്ന വരുമാനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് റെക്കോഡ് വരുമാനം ഇതേ ഓഫിസിലൂടെ സർക്കാറിന് ലഭിച്ചത് -41.34 കോടിയായിരുന്നു ഇത്. 22.93 കോടി രൂപ ലഭിച്ച ഫെബ്രുവരിയിലാണ് കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത്.
വാഹനങ്ങളിലെ പരസ്യം, രൂപമാറ്റം വരുത്തൽ, സർവിസ് ചാർജ്, ഫിറ്റ്നസ്, ആർ.സി, ലൈസൻസ്, പെർമിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ട്രേഡ് സർട്ടിഫിക്കറ്റ്, എൻ.ഒ.സി, പോസ്റ്റൽ ചാർജ്, ഇൻസ്പെക്ഷൻ ഫീ, വാഹനലേലം, റവന്യൂ റിക്കവറി തുടങ്ങിയ ഇനങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് വരുമാനമുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.