മട്ടാഞ്ചേരി: ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡ് മട്ടാഞ്ചേരി മേഖലയുടെ കീഴിലുള്ള തൊഴിലാളികൾ തങ്ങൾക്ക് ഇ.എസ്.ഐ മെഡിക്കൽ ആനുകൂല്യം വേണമെന്ന ആവശ്യവുമായി രംഗത്ത്.
നിലവിൽ ബോർഡിന് കീഴിൽ തൊഴിലാളികൾക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് സ്കീമാണുള്ളത്. ഈ സ്കീം കൊണ്ട് തങ്ങൾക്കും കുടുംബത്തിനും കാര്യമായ പ്രയോജനമില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ പദ്ധതി പ്രകാരം കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സ സംബന്ധിച്ച് ആവശ്യം വന്നാൽ 15000 രൂപ വരെ മാത്രമേ ഒരു വർഷം ലഭിക്കൂ.
ഒരംഗത്തിന് തന്നെ അത്രയും തുക ആയാൽ പിന്നീട് ആർക്കും ആനുകൂല്യം ലഭിക്കുകയുമില്ല. 24 മണിക്കൂർ ആശുപത്രിയിൽ കിടന്നെങ്കിൽ മാത്രമേ ഈ തുക ലഭ്യമാകൂ താനും. തൊഴിലാളികൾക്കാകട്ടെ 30,000 രൂപ വരെയാണ് ലഭിക്കുന്നത്.
ബില്ലുകളുമായി നിരവധി തവണ ഓഫിസ് കയറിയിറങ്ങിയാലാണ് ഈ തുക തന്നെ ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പദ്ധതിയിലേക്ക് ഓരോ തൊഴിലാളിയും മാസം 20 രൂപ വീതം ബോർഡിൽ അടക്കുന്നുണ്ട്. പുറമെ 27 ശതമാനം ലെവിയും അടക്കുന്നുണ്ടെന്നും എന്നാൽ, ഇത് കൊണ്ടുള്ള പ്രയോജനം തങ്ങൾക്ക് ലഭിക്കുന്നില്ലന്നുമാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ഇ.എസ്.ഐ ആണെങ്കിൽ തങ്ങൾക്കും കുടുംബത്തിനും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്നും ഇതിലേക്കായി ബോർഡ് മാസം പണം അടക്കണമെന്നുള്ളത് കൊണ്ട് തങ്ങളുടെ ഈ ആവശ്യം മനപൂർവം നിരാകരിക്കുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് ക്ഷേമനിധി ബോർഡ് അധികൃതരെ സമീപിച്ചെങ്കിലും ഫലം കാണാത്ത സാഹചര്യത്തിൽ ഹൈകോടതിയെ സമീപിച്ചപ്പോൾ തങ്ങൾക്ക് അനുകൂല നിലപാട് ലഭിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ബോർഡ് ഇത് നീട്ടി കൊണ്ട് പോകുകയാണെന്നും തൊഴിലാളികൾ ആരോപിച്ചു.
കൊച്ചി തുറമുഖത്തെ ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച കാര്യങ്ങൾ കോടതിയിലായതിനാൽ ഒന്നും പറയാൻ കഴിയില്ലെന്ന നിലപാടാണ് ക്ഷേമനിധി ബോർഡ് മട്ടാഞ്ചേരി മേഖല അധികൃതരുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.