കൊച്ചി: തേവര മട്ടമ്മൽ പ്രദേശത്ത് മാസങ്ങളായി ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സുബർനാപുർ സ്വദേശി ദിപൻകർ മൊണ്ഡാലിനെ (38) സൗത്ത് സി.ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എറണാകുളം തേവര ചക്കാലപറമ്പിൽ എന്ന പാർപ്പിട സമുച്ചയത്തിൽ ഒരാൾ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പൈൽസ് ക്ലിനിക്ക് എന്ന ബോർഡ് സ്ഥാപിച്ച് അപ്പാർട്മെന്റിൽ ചികിത്സ നടത്തിവരുകയായിരുന്നു ഇയാൾ. അന്വേഷണത്തിൽ പ്രതി യാതൊരു വിധ ലൈസൻസോ സർട്ടിഫിക്കറ്റോ കൈവശമില്ലാതെ അനധികൃത ചികിത്സ നടത്തി വരുകയാണെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പൊലീസ് റെയ്ഡിൽ പൈൽസിന് ചികിത്സ നടത്തുന്നതിനുള്ള ഉപകരണങ്ങളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്ന് ടെലി മെഡിസിൻ കൺസൾട്ടിങ് മുഖേനയാണ് ക്ലിനിക്ക് നടത്തിവരുന്നതെന്ന് മൊഴി ലഭിച്ചതായി പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നിർദേശാനുസരണം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം. എസ്. ഫൈസൽ, എസ്.ഐമാരായ ജെ. അജേഷ്, പി.എസ്. ബാബു, സി. ശരത്, ജോമോൻ ജോസഫ്, സി.പി.ഒമാരായ ശ്രീഹരീഷ്, സലീഷ് വാസു, ജ്യോതി ജോർജ്, എസ്. ബീന എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.