പറവൂർ: നഗരസഭയിൽനിന്ന് കെട്ടിട നിർമാണത്തിന് പെർമിറ്റ് അനുവദിച്ചതായി വ്യാജ രേഖയുണ്ടാക്കിയ കേസിൽ ലൈസൻസിയായ യുവാവ് അറസ്റ്റിൽ.
തെക്കേനാലുവഴി മഞ്ഞുമ്മൽ എം.ആർ. രോഹിത് (25) ആണ് അറസ്റ്റിലായത്. നഗരസഭ അസി. എൻജിനീയറുടെ ഡിജിറ്റൽ ഒപ്പ് ഉൾപ്പെടുത്തിയാണ് വ്യാജരേഖ ചമച്ചത്. അസി. എൻജിനീയർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
തെക്കേ നാലുവഴി ഞാറുകണ്ടത്തിൽ സുനിൽകുമാർ, ചെറിയപല്ലംതുരുത്ത് സ്വദേശി നിഥിൻ എന്നിവരെയാണ് രോഹിത്ത് കബളിപ്പിച്ചത്. കമേഴ്സ്യൽ പെർമിറ്റ് റെഡിഡൻഷ്യൽ പെർമിറ്റാക്കി പുനഃക്രമീകരിക്കാനാണ് ലൈസൻസിയായ എം.ആർ. രോഹിത്തിനെ സുനിൽകുമാർ സമീപിച്ചത്. എന്നാൽ, ഓൺലൈനായി രോഹിത് അപേക്ഷിച്ചില്ല. അസി. എൻജിനീയർ മറ്റൊരു പെർമിറ്റിനായി അനുവദിച്ച സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്താണ് സുനിൽകുമാറിന് നൽകി 6000 രൂപ ഇയാൾ ഈടാക്കിയത്.
ഒരുമാസം മുമ്പ് പണമടച്ച് അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നതിനാൽ സുനിൽകുമാർ നഗരസഭയിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. രോഹിത് ഓൺലൈനായി അപേക്ഷ നൽകിയില്ലെന്ന് ബോധ്യമായതോടെ നഗരസഭ സെക്രട്ടറി പൊലീസിനെ അറിയിച്ചു. യഥാർഥ പെർമിറ്റിൽ ഉണ്ടാകേണ്ട ക്യു.ആർ കോഡ് വ്യാജ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നില്ല.
രോഹിത് കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വ്യാജരേഖ ഉണ്ടാക്കിയ സാഹചര്യത്തിൽ നഗരസഭയിൽനിന്ന് നൽകിയ ബിൽഡിങ് പെർമിറ്റ്, ഒക്യുപെൻസി സർട്ടിഫിക്കറ്റ് എന്നിവയിലെ ക്യു.ആർ കോഡ് ഓൺലൈനായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നഗരസഭയുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റുകളോ സീലുകളോ ഡിജിറ്റൽ സിഗ്നേച്ചറുകളോ കണ്ടെത്തിയാൽ സെക്രട്ടറിയെയോ പൊലീസിനെയോ അറിയിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.