ചെങ്ങമനാട്: പഞ്ചായത്തിലെ 16ാം വാർഡിൽ ദേശം കുന്നുംപുറത്തെ സ്ത്രീ കൂട്ടായ്മ പരിസ്ഥിതി സന്ദേശമുയർത്തി ആരംഭിച്ച തുണിസഞ്ചി നിർമാണം വിജയകരമായി മൂന്നുവർഷം പിന്നിടുന്നു. തയ്യൽ രംഗത്ത് മികവ് പുലർത്തിയ 10 വനിതകളാണ് പ്രത്യാശയെന്നും പ്രതീക്ഷയെന്നും പേര് നൽകി 2020ൽ രണ്ട് യൂനിറ്റുകളായി തുണിസഞ്ചി നിർമാണം ആരംഭിച്ചത്. കലക്ടറുടെ ഒരു പരിപാടിക്ക് ആവശ്യമായി വന്ന തുണിസഞ്ചി നിർമിച്ച് നൽകിയതിലൂടെയാണ് വാണിജ്യാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കമിടാനുള്ള പ്രചോദനം ലഭിച്ചത്. പ്രത്യാശയിലെ സരിത (പ്രസി), മിനി ഉണ്ണികൃഷ്ണൻ (സെക്ര), രജനി ജയൻ, പ്രഭ ഹരി, വിനോദിനി മോഹനൻ (അംഗങ്ങൾ) എന്നിവരും പ്രതീക്ഷയിലെ ധന്യ സുരേഷ് (പ്രസി), വാർഡംഗം കൂടിയായ ഭാവന രഞ്ജിത് (സെക്ര), രുഗ്മിണി സുരേഷ്, മേരി ജിൻസി, കവിത വേണു (അംഗങ്ങൾ) എന്നിവരും ചേർന്ന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ വായ്പ ഉപയോഗിച്ചാണ് പ്രകൃതിദത്ത തുണിസഞ്ചി നിർമാണത്തിന് തുടക്കംകുറിച്ചത്.
തയ്യൽ മെഷീനുകൾ, കട്ടിങ് മെഷീനുകൾ, കട്ടിങ് ടേബിളുകൾ, മേശകൾ, തുണി സൂക്ഷിക്കുന്ന അലമാരകൾ എന്നിവയോടെ കുന്നുംപുറത്ത് 6000 രൂപ മാസ വാടകക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. തമിഴ്നാട് ഈറോഡുനിന്ന് പ്രതിമാസം തുണി വാങ്ങി. പ്രതീക്ഷിച്ചതിലും വിജയമായിരുന്നു. ബിഗ് ഷോപ്പറുകൾ, തലയണ ഉറകൾ തുടങ്ങിയവ വിപണനം നടത്തുന്നുണ്ട്. 2020ൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ ആവശ്യക്കാർ കൂടി. 15 കിലോ വരെ താങ്ങുന്ന ഗുണനിലവാരമുള്ള സഞ്ചി ഒന്നിന് 10 രൂപ നിരക്കിലാണ് കച്ചവടക്കാർക്ക് നൽകിയിരുന്നത്. അതോടെ വായ്പ തുക കൃത്യമായി അടക്കാനായി. എന്നാൽ, ഇപ്പോൾ ഓർഡർ കുറഞ്ഞെന്ന് അവർ പറഞ്ഞു. ഉൽപന്നങ്ങളുടെ വിലക്കയറ്റവും തമിഴ്നാട്ടിൽനിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ സഞ്ചികൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തുന്നതും സംരംഭത്തിന് ഭീഷണിയാണ്. എങ്കിലും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രാജേഷിന്റെ പിന്തുണയോടെ പോരായ്മകൾ പരിഹരിച്ച് സ്ത്രീ കൂട്ടായ്മയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതി മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.