കൊച്ചി: വെടിമരുന്ന് സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച തൃപ്പൂണിത്തുറ പുതിയകാവിനടുത്ത മരട് കൊട്ടാരം ഭഗവതീക്ഷേത്രത്തിലെ വെടിക്കെട്ടിന് ഹൈകോടതി അനുമതി നിഷേധിച്ചു. വെടിക്കെട്ട് അനുവദിക്കാതിരുന്ന കലക്ടറുടെ നടപടി ചോദ്യംചെയ്ത് തെക്കേ, വടക്കേ ചേരുവാരങ്ങൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഇടക്കാല ഉത്തരവ്. കലക്ടറുടെ നടപടി കോടതി ശരിവെക്കുകയായിരുന്നു. ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയാണ് ഉത്സവം സമാപിക്കുന്നത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചൊവ്വാഴ്ചതന്നെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇത് ബുധനാഴ്ച പരിഗണിച്ചേക്കും.
ഈമാസം 12നാണ് പുതിയകാവിൽ രണ്ടുപേരുടെ മരണത്തിനും ഒട്ടേറെ വീടുകളുടെ തകർച്ചക്കും ഇടയാക്കിയ വെടിമരുന്ന് സ്ഫോടനം നടന്നത്. ഈ സാഹചര്യത്തിലാണ് മരട് വെടിക്കെട്ടിന് കലക്ടർ അനുമതി നിഷേധിച്ചത്. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് അധികൃതരുടെ റിപ്പോർട്ടുകൾ കണക്കിലെടുത്ത സിംഗിൾ ബെഞ്ച് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ദൂരപരിധി പാലിക്കാനാവില്ലെന്ന അധികൃതരുടെ വിശദീകരണവും നിരന്തര നിയമലംഘനങ്ങളുണ്ടായെന്നതുമടക്കം സിംഗിൾ ബെഞ്ച് പരിഗണിച്ചു. വെടിക്കോപ്പുകൾക്ക് ‘പെസോ’ മാനദണ്ഡ പ്രകാരമുള്ള ലൈസൻസില്ലെന്ന് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.
അപകടമുണ്ടായാൽ വൻ ദുരന്തത്തിനിടയാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. 2008ൽ മരടിൽ മൂന്നുപേർ മരിച്ച വെടിക്കെട്ട് അപകടമുണ്ടായതാണ്. 2019ൽ വെടിക്കെട്ടിനായി ഡൈനമിറ്റും മറ്റും അനധികൃതമായി സംഭരിച്ചവർക്കെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ട്, ഒമ്പത് തീയതികളിൽ ക്ഷേത്രത്തിൽ ലൈസൻസില്ലാതെ കരിമരുന്ന് ഉപയോഗിച്ചതിന് കേസെടുത്തതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
2019ൽ മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച കലക്ടറുടെ നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇതേ ആവശ്യമാണ് അപ്പീലിലും ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.