കൊച്ചി: അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂർ മേഖലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കാൻ സര്‍ക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്.
ആലുവയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കുട്ടികള്‍ക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചുതന്നെ ഡേ കെയർ ക്രമീകരിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ക്രഷ് ഒരുക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് മാസ് ഡ്രൈവ് നടത്തും. അതിഥി ആപ് സജ്ജമാകുന്നതോടെ രജിസ്ട്രേഷൻ നടപടികൾക്ക് വേഗം കൈവരും.
കെട്ടിടങ്ങൾ വാടകക്ക് കൊടുത്തിരിക്കുന്നത് നഗരസഭയിൽ കൃത്യമായി രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കും.
അന്തർസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗവും വ്യാപനവും തടയാൻ പൊലീസും എക്സൈസും സംയുക്തമായി പ്രത്യേക പരിശോധന നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ലഹരിക്കെതിരായ ബോധവത്കരണം വ്യാപകമാക്കും. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കും.
അടുത്ത ദിവസം ആലുവയിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കും. അന്തർസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള ആലുവ, പെരുമ്പാവൂർ മേലകളിലെ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കുറ്റകൃത്യങ്ങൾക്ക് സാധ്യതയുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് പൊലീസ് 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
അന്തർസംസ്ഥാന തൊഴിലാളികളെയാകെ കുറ്റവാളികളായി കാണേണ്ടതില്ലെന്നും അവരിൽ ചെറിയൊരു വിഭാഗമാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കലക്ടർ എൻ.എസ്.കെ. ഉമേഷ്, ആലുവ റൂറൽ എസ്.പി വിവേക് കുമാർ, ജില്ല വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, സബ് കലക്ടർ പി. വിഷ്ണു രാജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ആലുവ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വിചാരണ ഉടൻ പൂർത്തീകരിച്ച് ശിക്ഷ നടപ്പാക്കാൻ സ്പെഷൽ പ്രൊസിക്യൂട്ടറെ നിയമിക്കണം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയോ അല്ലെങ്കിൽ ഇവർക്ക് കേരളത്തിൽ താമസിക്കാൻ താൽപര്യമുണ്ടെങ്കിൽ സ്ഥലം വാങ്ങി വീട് നിർമിക്കാൻ സാമ്പത്തിക സഹായം സർക്കാർ നൽകി കുടുംബത്തോട് നീതി പുലർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.