ഫോർട്ട്കൊച്ചി: മഹാത്മാഗാന്ധി കടപ്പുറ നവീകരണം കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുക്കുന്നു. വിപുലമായ പദ്ധതിയാണ് കൊച്ചി സ്മാർട്ട് സിറ്റി ചരിത്ര തീരത്തിന്റെ നവീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. തീരപാത നവീകരണം, സൗന്ദര്യവത്കരണം, വൈദ്യുതി അലങ്കാരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഫോർട്ട്കൊച്ചിയിലെ ജല മെട്രോ ജെട്ടി മുതൽ പഴയ ലൈറ്റ്ഹൗസ് തീരം വരെയുള്ള നവീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി മൂന്നുതവണ തീരം സന്ദർശിച്ചതായാണ് ചരിത്രം. സാഹസികതയുടെ തീരമെന്ന വിശേഷണവും രാഷ്ട്രപിതാവ് കൊച്ചി കടപ്പുറത്തിന് നൽകിയിരുന്നു. മൂന്ന് പാശ്ചാത്യ രാജ്യങ്ങളുടെ അധിനിവേശത്തിന് സാക്ഷ്യംവഹിച്ച തീരത്തിന്റെ സംരക്ഷണത്തിന് സി.എസ്.എം.എൽ മുന്നിട്ടിറങ്ങിയതോടെ പ്രാദേശിക ജനതക്കൊപ്പം കച്ചവടക്കാർക്കും ടൂറിസം ഏജൻസികൾക്കും പ്രതീക്ഷയേറി. രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചി ബീച്ച് കടൽ കയറ്റ ഭീഷണി നേരിടുന്ന മേഖല കൂടിയാണ്. കടലേറ്റത്തെ തുടർന്ന് വിശാലമായ തീരത്തിന്റെ സിംഹഭാഗവും ഇതിനകം ഇല്ലാതായി. രാജ്യത്തെതന്നെ ഏറ്റവുംവലിയ പുതുവർഷ ആഘോഷങ്ങളിലൊന്നായ കാർണിവെൽ നടക്കുന്നതും ഫോർട്ട്കൊച്ചി കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ പുതുവത്സരാഘോഷത്തിന് അഞ്ചുലക്ഷം പേർ ഫോർട്ട്കൊച്ചി സന്ദർശിക്കാനെത്തിയതായാണ് കണക്ക്.
ഒട്ടേറെ വികസന പദ്ധതികൾ ഫോർട്ട്കൊച്ചി കടപ്പുറത്തിന്റെ സൗന്ദര്യവത്കരണത്തിനായി നടപ്പാക്കിയെങ്കിലും അശാസ്ത്രീയമായ നിർമാണങ്ങളായതിനാൽ അധികകാലം നീണ്ടുനിന്നില്ല. അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. ചരിത്ര തീരത്തിന്റെ സംരക്ഷണത്തിന് ഐ.ഐ.ടി മദ്രാസ് പഠന റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് നടപ്പാക്കാൻ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല. ഏതായാലും സ്മാർട്ട് മിഷൻ പദ്ധതി വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ, സ്മാർട്ട് മിഷൻ ഏറ്റെടുത്ത മറ്റ് പദ്ധതികളുടെ കാലതാമസം കടപ്പുറ നവീകരണത്തിന് ഉണ്ടാകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.