ഫോർട്ട്കൊച്ചി: ചരിത്രമുറങ്ങുന്ന ഫോർട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറം അവഗണനയുടെ പടുകുഴിയിൽ.
ബീച്ച് സൗന്ദര്യവത്കരണം ലക്ഷ്യമാക്കി കോടികളുടെ പദ്ധതികളുമായി കൊച്ചി മെട്രോയും സ്മാർട്ട് സിറ്റിയും മുന്നിട്ടിറങ്ങിയെങ്കിലും അവയെല്ലാം ചുവപ്പുനാടയിൽ കുരുങ്ങി. മൂന്ന് വിദേശരാജ്യങ്ങളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച തീരമാണ് അവഗണന നേരിടുന്നത്.
തകർന്ന നടപ്പാതകളും മാലിന്യക്കൂമ്പാരങ്ങളും ഇഴജന്തു, നാൽക്കാലി ആക്രമണവും സഞ്ചാരികളെ ഭയാശങ്കയിലാക്കുന്നു. ബീച്ച് നവീകരണത്തിന് 60 കോടിയുടെ പദ്ധതികളാണ് ഏജൻസികൾ തയാറാക്കിയത്. കടൽക്ഷോഭത്തിൽ തകർന്ന ഭിത്തികളും ഇരിക്കാനുള്ള കോൺക്രീറ്റ് കസേരകളും വിളക്കുകളും സംരക്ഷണ വേലികളുമെല്ലാം തകർന്ന് ഉപയോഗശൂന്യമായി. തകർന്ന നടപ്പാതകൾ കാൽനടക്കാർക്ക് ഭീഷണിയുമാണ്. ഫോർട്ട്കൊച്ചിയിലെ ജലമെട്രോ പദ്ധതി തിരക്കിട്ട് പൂർത്തീകരിക്കാനൊരുങ്ങവെയാണ് അന്തർദേശീയ ശ്രദ്ധനേടിയ കൊച്ചി കടപ്പുറ സംരക്ഷണം കെ.എം.ആർ.എൽ ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയത്. ജില്ല ഭരണകൂടവും കൊച്ചി നഗരസഭയുമായി കൂടിയാലോചിച്ചാണ് പദ്ധതിയൊരുക്കുന്നതെങ്കിലും നടപടികളിലെ മെല്ലെപ്പോക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പൈതൃക നഗരിയും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് ഫോർട്ട്കൊച്ചി ബീച്ച്. കടലേറ്റത്തെ തുടർന്ന് ഏക്കറുകണക്കിന് ഭൂമി ഇതിനകം കടലെടുത്തു. നാമമാത്രമായ ബീച്ച് വിവിധ മാലിന്യവുമായി സഞ്ചാരികളെ അകറ്റിനിർത്തുന്നു. തീരസംരക്ഷണത്തിന് കോടികളുടെ പദ്ധതികൾ നടപ്പാക്കിയെങ്കിലും അഴിമതിയും മതിയായ രൂപരേഖകളില്ലാത്തതും തിരിച്ചടിയായി. കൊച്ചിയുടെ ചരിത്രതീരം സംരക്ഷണത്തിന് ഐ.ഐ.ടി മദ്രാസ് പഠന റിപ്പോർട്ട് നൽകിയെങ്കിലും നടപ്പാക്കുന്നതിൽ ഭരണകൂടം അമാന്തിക്കുകയാണ്. കായൽ പായലിന്റെ കടന്നുകയറ്റവും സാമൂഹികവിരുദ്ധ ശല്യവും പുറമെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.