കൊച്ചി: ഏലൂർ നഗരസഭ പ്രദേശത്ത് നടപ്പാക്കുന്ന സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് കീഴിലെ ഉപഭോക്താക്കൾക്ക് ജല വിതരണം തടയരുതെന്ന് വാട്ടർ അതോറിറ്റിയോട് ഹൈകോടതി. പദ്ധതിയുടെ ഭാഗമായി ജലവിതരണം നടത്തിയ ഇനത്തിൽ വാട്ടർ അതോറിറ്റിക്ക് പ്രദേശത്തെ ബന്ധപ്പെട്ട കമ്പനികൾ വൻതുക കുടിശ്ശിക നൽകാനുള്ള സാഹചര്യത്തിൽ കുടിവെള്ള വിതരണം നിർത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
2009 മുതൽ എഫ്.എ.സി.ടി കമ്പനിയാണ് അവരടക്കം മറ്റ് കമ്പനികളുടെ കൂടി സാമ്പത്തിക സഹായത്തോടെ ജല വിതരണം നടത്തിവന്നത്. ഇതിന് ശേഷം 2017 മുതലാണ് വാട്ടർ അതോറിറ്റി വിതരണം ഏറ്റെടുത്തത്. ഇതിനുള്ള തുക കമ്പനികൾ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പണംനൽകാൻ കമ്പനികൾ തയാറായിട്ടില്ല. എഫ്.എ.സി.ടി, ഐ.ആർ.ഇ, എച്ച്.ഐ.എൽ, മെർക്കം തുടങ്ങിയ കമ്പനികളാണ് പദ്ധതി നിർവഹണത്തിൽ പങ്കാളികളായുള്ളത്. മെർക്കം കമ്പനി പിന്നീട് ഫിനോർക്കെം ലിമിറ്റഡായി മാറി.
വാട്ടർ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് പണം നൽകാത്തതിന് ബന്ധപ്പെട്ട കമ്പനികൾ നൽകുന്ന വിശദീകരണം. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകനായ പുരുഷൻ ഏലൂർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പദ്ധതിക്ക് കെൽസ മെംബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് സമിതി രൂപവത്കരിക്കണം, കമ്പനികളിൽനിന്ന് നിശ്ചിത തുക മുൻകൂർ നിക്ഷേപം നടത്തി അതിൽനിന്ന് ലഭിക്കുന്ന പലിശ ഉപയോഗിച്ച് കുടിവെള്ള വിതരണ പദ്ധതിയുടെ ചെലവ് വഹിക്കാനാവുന്ന രീതി നടപ്പാക്കണം, ആളോഹരി വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജി.
ഹരജി തീർപ്പാകുംവരെ കുടിവെള്ള വിതരണം നിർത്തരുതെന്ന് നിർദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചു. ഈ ആവശ്യമാണ് കോടതി അനുവദിച്ചത്. ഹരജി വീണ്ടും നവംബർ ഒന്നിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.