പള്ളുരുത്തി: ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചതിന്റെ വിവാദം വിട്ടുമാറുന്നതിന് മുമ്പേ പള്ളുരുത്തി പെരുമ്പടപ്പിലും മാലിന്യശേഖരത്തിന് തീപിടിച്ചു. കൊച്ചി നഗരസഭയുടെ 18,19,20 ഡിവിഷനുകളിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള ജൈവ, അജൈവ മാലിന്യം പെരുമ്പടപ്പ് കോണം കെ.ആർ. നാരായണൻ റോഡിന്റെ വശത്താണ് കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത്. ടൺ കണക്കിന് മാലിന്യമുള്ള കൂനക്കാണ് ചൊവ്വാഴ്ച അർധരാത്രിയോടെ തീപിടിച്ചത്.
പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം മണിക്കൂറുകളോളം ആളിക്കത്തിയത് മൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് നാട്ടുകാർ ദുരിതത്തിലായി. മട്ടാഞ്ചേരിയിൽ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചത്.
നഗരസഭ അനാസ്ഥ വെടിഞ്ഞ് മാലിന്യനീക്കം ഊർജിതമാക്കണമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകണമെന്നും മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ആവശ്യപ്പെട്ടു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് മാലിന്യക്കൂമ്പാരം ഇവിടെനിന്ന് നീക്കിയില്ലെങ്കിൽ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.