കൊച്ചി: കോർപറേഷനിൽനിന്ന് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലേക്ക് മാലിന്യം കൊണ്ടുപോകുന്ന ലോറികളിൽനിന്ന് റോഡിൽ പരക്കുന്ന മലിനജലത്തിൽ ബൈക്ക് യാത്രക്കാരായ നിരവധി പേർ തെന്നിവീഴുന്ന സംഭവത്തിൽ പ്രതിഷേധവുമായി കോർപറേഷൻ പ്രതിപക്ഷവും.
മേയറുടെ ഓഫിസ് ഉപരോധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. മാലിന്യ ലോറികൾ കോർപറേഷന് നാണക്കേടുണ്ടാക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.
മാലിന്യ ലോറികളിൽ മലിനജലം ശേഖരിക്കുന്ന ടാങ്കുകൾ ഉണ്ടായിരിക്കണമെന്നും ഇത്തരം വാഹനങ്ങൾ മാലിന്യം പുറത്തേക്ക് വീഴാത്ത രീതിയിൽ മൂടിയിട്ടു മാത്രമേ യാത്ര ചെയ്യാവൂ എന്നും കരാർ വ്യവസ്ഥയിലുണ്ട്. മാലിന്യത്തിലെ അഴിമതി മേയർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. മിനിമോൾ, മനു ജേക്കബ്, മാലിനി കുറുപ്പ്, ബാസ്റ്റിൻ ബാബു, ബെൻസി ബെന്നി, മിനി ദിലീപ്, ഷൈല തദേവോസ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
മാലിന്യ വണ്ടികൾ തുടർച്ചയായി തൃക്കാക്കര നഗരസഭയിലെ വിവിധ റോഡുകളിൽ മലിനജലം ഒഴുക്കുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച തൃക്കാക്കര അഗ്നിരക്ഷാസേന നേരിട്ട് ലോറികൾ തടഞ്ഞ സംഭവമുണ്ടായിരുന്നു.
പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടർന്ന് ലോറികൾ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോർപറേഷൻ സെക്രട്ടറിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.