കാക്കനാട്: 13കാരിയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനായി രൂപവത്കരിച്ച പ്രത്യേക സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് തിരിച്ചു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി ഉറപ്പായതോടെ ഒളിവിൽ പോകാനിടയുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കി തമിഴ്നാട് പൊലീസിെൻറ സഹകരണത്തോടെയാണ് അന്വേഷിക്കുക. അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂവാറിൽനിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതല്ലെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മൃതദേഹം പൂവാറിൽനിന്ന് ലഭിച്ചത്. തുടർന്ന് പൊലീസ് നിർദേശപ്രകാരം ബന്ധുക്കൾ സ്ഥലത്തെത്തിയെങ്കിലും ഇയാളുടേതല്ല എന്ന് വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
സനു കുടുംബസമേതം താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ലഭിച്ച രക്തത്തിെൻറ അംശം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സനു വേഷം മാറി ഒഴിവിൽ കഴിയാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസം ഇയാളുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. അതേസമയം, സനുവിെൻറ തിരോധാനം അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തത ലഭിക്കണമെങ്കിൽ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിൽനിന്ന് മൊഴിയെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സനുവിെൻറ മകളുടെ മൃതദേഹം മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്തുനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് സനുവിനൊപ്പമാണ് കുട്ടിയെ കാണാതായത്. അന്നു രാത്രി കങ്ങരപ്പടിയിലെ ഇവരുടെ ഫ്ലാറ്റിൽ ഇരുവരുമെത്തിയതായും രാത്രി 9.30 മണിയോടെ മടങ്ങിയതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. അതേസമയം, കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സി.സിടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.